അട്ടപ്പാടി വരഗംപാടി ഊരിന് സമീപം വ്യാപക ഭൂമി കൈയേറ്റം: പരാതി നൽകിയിട്ടും നടപടിയില്ലെന്ന്
text_fieldsകോഴിക്കോട്: അട്ടപ്പാടി വരഗംപാടി ആദിവാസി ഊരിന് സമീപം വ്യാപക ഭൂമി കൈയേറ്റം. ആദിവാസികൾ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം. ഒറ്റപ്പാലം റവന്യൂ ഡിവിഷണൽ ഓഫിസർക്ക് 2022 ജനുവരി 17നാണ് വരഗംപാടി ഊരിലെ ശിവ പരാതി നൽകിയത്. എന്നാൽ, ഒരു വർഷമായിട്ടും പരാതിയിൽ റവന്യൂ അധികൃതർ അന്വേഷണം നടത്തിയിട്ടില്ലെന്ന് ഊര് നിവാസികൾ മാധ്യമം ഓൺലൈനിനോട് പറഞ്ഞു.
ഷോളയൂർ വില്ലേജിൽപ്പെട്ട സർവേ 1403, 1404, 1405, 1407 നമ്പറുകളിൽപ്പെട്ട സ്ഥലങ്ങളിലാണ് ഭൂമി കൈയേറിയത്. അട്ടപ്പാടിയിൽ താമസക്കാരല്ലാത്ത തമിഴ്നാട്ടുകാർ കുറെയാളുകൾ വന്ന് ഭൂമിയിൽ കമ്പിവേലി വെക്കുന്നവെക്കുമ്പോഴാണ് പരാതി നൽകിയത്. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഒരു വർഷമായിട്ടും റവന്യൂ അധികൃതർ നടപടി സ്വീകരിക്കാത്തതിനാൽ അട്ടപ്പാടി ആക്ഷൻ കൗൺസിൽ കഴിഞ്ഞ ദിവസം വീണ്ടും പരാതി നൽകി.
ഈ സ്ഥലത്ത് സ്ഥിരതാമസക്കാരിയായ ശിവയുടെ മുതുമുത്തച്ഛൻ നെല്ലന്റേയും മക്കളുടെയും പേരിലുള്ളതാണ് ഭൂമി. അതിൽ മൂത്ത മകൻ ഭൂതികക്കിയുടെ പേരിൽ സ്ഥലമുള്ളതായി ഷോളയൂർ വില്ലേജ് രേഖകളിലുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ ഭൂമി നെല്ലന്റെ മക്കളുടെ കൃഷിഭൂമിയാണ്.
പരാതിക്കാരിയായ ശിവയുടെ മുത്തച്ഛന്മാർ ഭദ്രകാളി പൂജ നടത്തിയിരുന്ന സ്ഥലമാണ് ഇവിടം. അമ്പലത്തിലെ പൂജകൾ ഇന്നും നടത്തുന്നുണ്ട്. 1999-ലെ പട്ടികവർഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശവും നിയമത്തിന്റെ മറവിൽ വ്യാജരേഖകൾ നിർമിച്ചാണ് ഭൂമികൈയടക്കുന്നത്. അട്ടപ്പാടിയിലെ ഏതാണ്ട് 90 ശതമാനം ഭൂരേഖകളും വ്യാജമാണ്. ഇത് പരിശോധിക്കാൻ റവന്യൂ വകുപ്പിന് താൽപര്യമില്ല. 1999 ലെ നിയമ പ്രകാരം ആദിവാസി ഭൂമി കൈയേറിയത് കൃഷിഭൂമിയാണെങ്കിൽ അഞ്ച് ഏക്കർവരെ അവകാശം നൽകണമെന്നാണ്.
വരംഗംപാടി ഊരിൽ ടി.എൽ.എ കേസിലുള്ള ആദിവാസി ഭൂമി കൈയടക്കിയവർ കൃഷിക്കല്ല ഭൂമി ഉപയോഗിച്ചത്. ആദിവാസികളുടെ ഊരുഭൂമിയിൽ അവർ റിസോർട്ടാണ് നിർമിച്ചത്. ഇതേ റിസോർട്ട് നിർമാണ സംഘമാണ് പുതിയ കൈയേറ്റം നടത്തുന്നത്. വില്ലേജ് രേഖകളിൽ കാളിമുത്തു ചെട്ടിയാർ, പഴനിസ്വാമി ചെട്ടിയർ തുടങ്ങിയവരുടെ പേരിൽ ടി.എൽ.എ കേസിലെ ഭൂമിയുണ്ട്. ഇവരൊക്കെ ആദിവാസികളിൽനിന്ന് കൃഷിക്ക് പാട്ടത്തിനെടുത്ത ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തവരാണ്. ഇക്കാര്യത്തിൽ ആർ.ഡി.ഒ ഭൂരേഖകൾ പരിശോധിക്കണമെന്നാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്.
കൈയേറ്റക്കാർ പലരും ഹിയറിങിൽ കള്ളപ്പട്ടയമാണ് ഹാജരാക്കുന്നതെന്നും ആദിവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ പി.വി സുരേഷ് മാധ്യമം ഓൺലൈനോട് പറഞ്ഞു. ആദിവാസികൾ നൽകുന്ന പരാതിയിൽ അന്വേഷണം നടത്താൻ റവന്യൂ ഉദ്യോഗസ്ഥർ തയാറാകുന്നില്ല. കൈയേറ്റക്കാർക്ക് അനുകൂലമായി ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ റവന്യൂ ഉദ്യോഗസ്ഥർ മൽസരിക്കുകയാണ്. നിലവിൽ സർവേ ചെയ്തിട്ടില്ലാത്ത ഭൂമി നൂറുകണക്കിന് ഏക്കർ പല ട്രസ്റ്റുകളുടെയും പേരിൽ വ്യജരേഖയുണ്ടാക്കി കൈവശം വെച്ചിട്ടുണ്ടെന്നും സുരേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.