കാലിക്കറ്റിൽ സര്‍ട്ടിഫിക്കറ്റിലും ഗ്രേഡ് കാര്‍ഡിലും വ്യാപക പിഴവ്
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബിരുദദാന ചടങ്ങിനായി തയാറാക്കി 2021 ബാച്ച് ബിരുദ വിദ്യാർഥികള്‍ക്ക് അനുവദിച്ച കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡുകളിലും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളിലും വ്യാപക തെറ്റെന്ന് വിമര്‍ശനം. കോംപ്ലിമെന്ററി പേപ്പറുകള്‍ തെറ്റായി രേഖപ്പെടുത്തിയതും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡുകളിലെ വിഷയങ്ങള്‍ തെറ്റായി ലേബല്‍ ചെയ്യുന്നതുമാണ് പിഴവിനിടയാക്കിയതെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
കോംപ്ലിമെന്ററി ഒന്ന് (നിര്‍ബന്ധിത വിഷയം), കോംപ്ലിമെന്ററി രണ്ട് (ഐച്ഛിക വിഷയം) എന്നിവയുടെ ക്രമം പരസ്പരം മാറിയിട്ടുണ്ട്. ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുമ്പോഴാണ് വിദ്യാർഥികള്‍ക്ക് ഈ പിശക് മനസ്സിലായത്. ഗ്രേഡ് കാര്‍ഡുകളിലും ബിരുദ സര്‍ട്ടിഫിക്കറ്റുകളിലും കോംപ്ലിമെന്ററി വിഷയങ്ങള്‍ തെറ്റായി രേഖപ്പെടുത്തുന്നത് വിദ്യാര്‍ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും തൊഴില്‍സാധ്യതകള്‍ക്കും പ്രതിസന്ധിയാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് വ്യത്യസ്തമായ വിശദീകരണങ്ങളാണ് പരീക്ഷാഭവൻ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.
ജനറല്‍ അക്കാദമിക് ബ്രാഞ്ചില്നിന്നോ ബോര്‍ഡ് ഓഫ് സ്റ്റഡീസ്/അക്കാദമിക് കൗണ്‍സിലില്‍നിന്നോ അഭിപ്രായം തേടാതെ തെറ്റായ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡിന്റെയും പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കുന്നത് തുടരാന്‍ പരീക്ഷാ കണ്ട്രോളര് ഉത്തരവിടുകയാണ് ചെയ്തതെന്ന് പരീക്ഷാഭവനിലെ ചില ഉദ്യോഗസ്ഥര്‍ ആരോപിച്ചു. ബിരുദദാന ചടങ്ങുകളുടെ ഷെഡ്യൂള്‍ തടസ്സപ്പെടാതിരിക്കാനുള്ള താൽപര്യമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം.
ഒരിക്കല്‍ അനുവദിച്ചാല്‍ ബിരുദസര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്താനാകില്ല. ബിരുദസര്‍ട്ടിഫിക്കറ്റ് അനുവദിച്ച തീയതിക്കുശേഷം ഗ്രേഡ് കാര്‍ഡില്‍ വരുത്തുന്ന തിരുത്തുകള്‍ നിയമപരമല്ല. തെറ്റായി അച്ചടിച്ച ഗ്രേഡ് കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ കോഴ്സുകള്‍ പുനഃക്രമീകരിക്കാനാണ് സര്‍വകലാശാല ഇപ്പോള്‍ ആലോചിക്കുന്നത്. ഇത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിമര്‍ശനം.
തെറ്റായ കോംപ്ലിമെന്ററി വിഷയങ്ങളുള്ള ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതില്‍ വിദ്യാർഥികള്‍ ആശങ്കയിലായതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനുള്ള തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും ഗ്രേഡ് കാര്‍ഡ് തെറ്റായി അച്ചടിക്കാന്‍ കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റംഗം ഡോ. പി. റഷീദ് അഹമ്മദ് വി.സിക്ക് കത്ത് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.