ഇടുക്കിയിൽ പട്ടയ നടപടികളിൽ വ്യാപക ക്രമക്കേട്; തഹസിൽദാർക്ക് സസ്പെൻഷൻ
text_fieldsതൊടുപുഴ: ഇടുക്കി താലൂക്കിലെ പട്ടയ വിതരണ നടപടികളിൽ വ്യാപക ക്രമക്കേട് നടന്നതായി റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. വകുപ്പ് മന്ത്രിയുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തിലാണ് റവന്യൂ ഉദ്യോഗസ്ഥർ ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയത്. തുടർന്ന്, ഇടുക്കി തഹസിൽദാർ വിൻസന്റ് ജോസഫിനെ സസ്പെൻഡ് ചെയ്തു.
ഇടുക്കി താലൂക്കിൽ കഞ്ഞിക്കുഴി പഞ്ചായത്തിലെ 12, 13, 18 വാർഡുകളിൽ ആദിവാസികൾക്ക് പട്ടയം അനുവദിക്കുന്നില്ലെന്ന് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് മന്ത്രി കെ. രാജൻ അന്വേഷണത്തിന് ഉത്തരവിട്ടത്. പട്ടയ നടപടികൾ സംബന്ധിച്ച രേഖകളിൽ കൃത്രിമം നടത്തുന്നുവെന്നും ഉദ്യോഗസ്ഥർ തങ്ങളുടെ ഇഷ്ടക്കാർക്ക് യഥേഷ്ടം പട്ടയം നൽകുന്നുവെന്നും നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. താലൂക്ക് ഓഫിസ് ജീവനക്കാർ ഹാജർ ബുക്കിലും കാഷ് ഡിക്ലറേഷൻ രജിസ്റ്ററിലും കൃത്യമായ രേഖപ്പെടുത്തലുകൾ നടത്താറില്ല. താലൂക്കിൽ പതിച്ചുനൽകാവുന്ന ഭൂമിയുടെ പട്ടിക ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
പട്ടയ അപേക്ഷകൾ ലഭിച്ചശേഷം ഇഷ്ടക്കാരുടെ ഭൂമിയുടെ സർവേ നമ്പർ ഉൾപ്പെടുത്തി ഈ പട്ടിക തയാറാക്കുന്നതായും കണ്ടെത്തി. ഒരാൾക്ക് ഒന്നിൽ കൂടുതൽ പട്ടയം അനുവദിക്കുകയും സർവേയർമാർ തങ്ങളുടെ ഇഷ്ടക്കാരുടെ ഭൂമി മാത്രം അളന്ന് സ്കെച്ച് തയാറാക്കി അപേക്ഷകൾ സ്വീകരിക്കുകയും ചെയ്യുന്ന പ്രവണതയുമുണ്ട്. അപേക്ഷകൾ തീർപ്പാക്കുമ്പോൾ മുൻഗണനക്രമം പാലിക്കാറില്ല.
വിവിധ രേഖകളിലെ പട്ടയങ്ങളുടെ എണ്ണം തമ്മിൽ ഏറെ പൊരുത്തക്കേടുണ്ട്. ഇഷ്ടക്കാർക്ക് ക്രമവിരുദ്ധമായി പട്ടയം അനുവദിക്കുന്നതായും അപേക്ഷയിലെ വിവരങ്ങൾ പരിശോധിക്കാതെ അനർഹർക്ക് പട്ടയം നൽകുന്നതായും അന്വേഷണത്തിൽ വ്യക്തമായി. പ്രഥമദൃഷ്ട്യാ നിരസിക്കേണ്ട അപേക്ഷകളിൽപോലും പട്ടയം അനുവദിച്ചിട്ടുണ്ട്. ഒരേസമയം ഭാര്യക്കും ഭർത്താവിനും വെവ്വേറെ പട്ടയം അനുവദിച്ച സംഭവങ്ങളുമുണ്ട്.
കൈവശമുള്ള ഭൂമിയുടെ രേഖകൾപോലും പരിശോധിക്കാതെ സർക്കാർ ഉദ്യോഗസ്ഥനുവരെ പട്ടയം നൽകാൻ ഭൂമി പതിവ് കമ്മിറ്റി ശിപാർശ ചെയ്തു. ഭൂമി കൈയേറ്റം, അനധികൃത പാറ ഖനനം എന്നിവക്കെതിരെ താലൂക്ക് അധികൃതർ നിയമാനുസൃത നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.