പ്രവാചകനിന്ദയിൽ വ്യാപക പ്രതിഷേധം; രാജ്യത്തെ നാണം കെടുത്തി -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: ബി.ജെ.പി വക്താക്കളിൽനിന്ന് പ്രവാചകനെതിരെയുണ്ടായ വർഗീയവിഷംചീറ്റുന്ന അധിക്ഷേപ പ്രസ്താവനകൾ രാജ്യത്തെ ലോകത്തിനുമുന്നിൽ നാണംകെടുത്തുന്ന അവസ്ഥയിലെത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനേകലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും നമ്മുടെ സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന നിരവധി ഇസ്ലാമിക രാഷ്ട്രങ്ങൾ ഇതിനെതിരെ ശക്തമായ ശബ്ദമുയർത്താൻ ഇടയായിരിക്കുന്നു. ഇന്ത്യയോട് വളരെ സൗഹാർദപൂർവമായ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ് ഇവയെല്ലാം. സംഘ്പരിവാറിന്റെ ഈ നടപടി രാജ്യത്തിന്റെ സാമ്പത്തിക കെട്ടുറപ്പുകൂടി ഇല്ലാതാക്കുകയാണ്. തലതിരിഞ്ഞ സാമ്പത്തികനയങ്ങൾ സൃഷ്ടിക്കുന്ന പ്രയാസങ്ങൾക്ക് പുറമേയാണ് ഇത്. വിദ്വേഷ പ്രചാരകരെ ശിക്ഷിക്കാൻ കേന്ദ്രം നടപടി സ്വീകരിക്കണം. വർഗീയശക്തികൾക്കെതിരെ പൊതുസമൂഹത്തിൽനിന്ന് ഒറ്റക്കെട്ടായ എതിർപ്പ് ഉയർന്നുവരണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ടി. ആരിഫലി
മലപ്പുറം: ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയുടെ പ്രവാചകനിന്ദ പരാമര്‍ശം സംഘ്പരിവാര്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ധ്രുവീകരണ രാഷ്ട്രീയത്തിന്റെ പുതിയ ഉദാഹരണമാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ ടി. ആരിഫലി. വളാഞ്ചേരി അല്‍ ഫജ്ര്‍ ഖുര്‍ആന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്താവനക്കെതിരെ ആഗോളതലത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ ബഹുസ്വരതയെ മാനിക്കണമെന്ന കരുത്തുറ്റ സന്ദേശമാണ് നല്‍കുന്നത്.
ഇന്ത്യയില്‍ ആഴത്തില്‍ വേരുകളുള്ള മുസ്ലിം സമുദായത്തിന്റെ ആദര്‍ശ അടിത്തറകളെ തകര്‍ക്കാനുള്ള ഫാഷിസത്തിന്റെ ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല. ഫാഷിസത്തിന് ആളുകളെ ഇല്ലാതാക്കാനായാലും ആശയങ്ങളെ ഉന്മൂലനം ചെയ്യാനാകില്ല. ബഹുസ്വരതയെ തകര്‍ത്ത് ഏകശിലാത്മകമായ സംസ്കാരത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള ശ്രമങ്ങളെ കൂട്ടായി ചെറുത്തു തോല്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെന്നിത്തല
തിരുവനന്തപുരം: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് ബി.ജെ.പിയുടെ ഔദ്യോഗിക വക്താക്കൾ നടത്തിയ പരാമർശങ്ങൾ അപരിഷ്കൃതവും അപലപനീയവും അങ്ങേയറ്റം വിഷലിപ്തവും നിന്ദ്യവുമെന്ന് രമേശ് ചെന്നിത്തല. വിദ്വേഷ പ്രസംഗങ്ങളിൽനിന്ന് 'രാഷ്ട്രീയ ലാഭം' കൊയ്യുകയെന്ന ലക്ഷ്യത്തോടെ രാജ്യത്ത് വർഗീയ സംഘർഷം ആളിക്കത്തിക്കാനുള്ള ശ്രമമാണ് മോദിയുടെ വക്താക്കൾ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിന്ദ്യമായ അധിക്ഷേപത്തിനുപിന്നാലെ, കുവൈത്തും ഖത്തറും ഇറാനും ഇന്ത്യൻ പ്രതിനിധികളെ വിളിച്ചുവരുത്തി പ്രതിഷേധക്കുറിപ്പുകൾ കൈമാറിയെന്ന വാർത്ത ആർഷഭാരത സംസ്കാരത്തിൽ അഭിമാനം കൊള്ളുന്ന ഓരോ ഭാരതീയനും അപമാനപൂർവമേ ഉൾക്കൊള്ളാൻ കഴിയൂവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കുഞ്ഞാലിക്കുട്ടി
മലപ്പുറം: മത വിദ്വേഷം പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള ശ്രമങ്ങൾ നിർത്താൻ ഭാവമില്ലെന്നാണ് പ്രവാചകനെ നിന്ദിച്ചതിലൂടെ ബി.ജെ.പി തെളിയിക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മതേതര മുഖം വികൃതമായിരിക്കുകയാണ്. ആഗോളതലത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയെ തുടർന്നുണ്ടായ ലഹളയുടെ ഭാഗമായി മുസ്ലിം വിഭാഗത്തിനെതിരെ മാത്രം ഏകപക്ഷീയമായി പൊലീസ് കേസെടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങള്‍
മലപ്പുറം: പ്രവാചകനിന്ദ നടത്തുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ പാരമ്പര്യത്തിന് കളങ്കം സൃഷ്ടിക്കരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ബി.ജെ.പി വക്താവ് നടത്തിയ പ്രവാചക നിന്ദ പരാമര്‍ശം മുസ്ലിം ജനവിഭാഗത്തെ അത്യധികം വേദനിപ്പിക്കുന്നതാണ്. ഇത്തരം അരുതായ്മകളെ നിയമപരമായി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും തങ്ങള്‍ പറഞ്ഞു.
കെ.എൻ.എം
കോഴിക്കോട്: മുഹമ്മദ് നബിയെയും കുടുംബത്തെയും അധിക്ഷേപിച്ച് വിശ്വാസിസമൂഹത്തിന്റെ മനസ്സ് വ്രണപ്പെടുത്തിയ സംഭവം സർക്കാർ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് കെ.എൻ.എം പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി. കുറ്റക്കാർക്കെതിരെ പ്രാഥമിക നടപടി സ്വീകരിച്ച സർക്കാർ അവരെ നിയമത്തിന്റെ മുന്നിലെത്തിക്കാനും തയാറാവണം. വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണം -അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
എസ്.വൈ.എസ്
കോഴിക്കോട്: മുഹമ്മദ് നബിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണമെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പി.ഡി.പി
കോഴിക്കോട്: പ്രവാചക നിന്ദയില്‍ സര്‍ക്കാറും ബി.ജെ.പിയും ലോകത്തോടും സമുദായത്തോടും മാപ്പുപറയണമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
ഐ.എൻ.എൽ
കോഴിക്കോട്: പ്രവാചകനെയും ഇസ്ലാമിനെയും നിന്ദിച്ച ബി.ജെ.ബി നേതാക്കളുടെ വിവേകശൂന്യമായ നടപടി ലോക സമൂഹത്തിനു മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പ്രസ്താവനയിൽ പറഞ്ഞു. പ്രവാചക നിന്ദ നടത്തിയവരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ഐ.എൻ.എൽ നേതാക്കൾ ആവശ്യപ്പെട്ടു.
സമസ്ത
കോഴിക്കോട്: രാജ്യത്തിന്റെ യശസ്സിന് കളങ്കം വരുത്തുന്ന വിധത്തില്‍ ഉത്തരവാദപ്പെട്ടവരില്‍നിന്ന് നിരന്തരമുണ്ടാകുന്ന പ്രവാചക നിന്ദയും പരമത വിദ്വേഷ പ്രചാരണവും തടയാന്‍ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാർ ഔദ്യോഗികമായി മാപ്പുപറയുകയും പ്രവാചക നിന്ദ നടത്തിയവര്‍ക്കെതിരെ മാതൃകപരമായി നടപടി സ്വീകരിക്കുകയും വേണം -നേതാക്കള്‍ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.