പൗരത്വ നിയമത്തിനെതിരെ വ്യാപക പ്രതിഷേധം: കോഴിക്കോട്ട് ലാത്തി വീശി, ട്രെയിൻ തടഞ്ഞു
text_fieldsകോഴിക്കോട്: പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, വെൽഫെയർ പാർട്ടി, ഫ്രട്ടേണിറ്റി, എസ്.ഡി.പി.ഐ തുടങ്ങി വിവിധ സംഘടനകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ചൊവ്വാഴ്ച രാത്രിയാണ് പ്രകടനങ്ങൾ നടന്നത്.
കോഴിക്കോട് ബീച്ചിലെ ആകാശവാണി ഓഫിസിന് മുന്നിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാത്തി വീശി. സ്ത്രീകളടക്കമുള്ള പ്രകടനക്കാർക്ക് നേരെ പ്രകോപനമില്ലാതെ പൊലീസ് ലാത്തി വീശുകയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡൻ്റ് ലബീബ് കായക്കൊടിയടക്കം നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാന വൈസ് പ്രസിഡൻ്റ് ലബീബ് കായക്കൊടി, ജില്ലാ വൈസ് പ്രസിഡൻ്റ് ആദിൽ അലി എന്നിവരെ ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ട്രെയിൻ തടഞ്ഞു. മലബാർ എക്സ്പ്രസാണ് തടഞ്ഞത്. ഏറെനേരം ട്രെയിൻ തടഞ്ഞുവെച്ചു. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ പന്തംകൊളുത്തി നൈറ്റ് മാർച്ച് നടത്തി. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. കോഴിക്കോട് വെൽഫെയർ പാർട്ടി സി.എ.എ വിജ്ഞാപനത്തിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു.
ചൊവ്വാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധത്തിന് യു.ഡി.എഫ് ആഹ്വാനം ചെയ്തു. മണ്ഡലതലങ്ങളിലാണ് പ്രതിഷേധം. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് പ്രതിഷേധറാലി ചൊവ്വാഴ്ച നടക്കും. രാവിലെ 11ന് രക്തസാക്ഷി മണ്ഡപത്തിൽനിന്നും ആരംഭിക്കും.
എസ്.ഡി.പി.ഐ എറണാകുളം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലുവയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.