പാനൂരിൽ വ്യാപക റെയ്ഡ്
text_fieldsപാനൂർ: മുളിയാത്തോട് ബോംബ് സ്ഫോടനത്തിന്റെ പാശ്ചാത്തലത്തിൽ ആയുധങ്ങൾക്കും പ്രതികൾക്കുമായി പാനൂർ മേഖലയിൽ വ്യാപക പരിശോധന നടത്തി. പാനൂർ, കൊളവല്ലൂർ, സ്റ്റേഷൻ പരിധിക്ക് പുറമെ നാദാപുരം സ്റ്റേഷൻ പരിധിയിലും റെയ്ഡ് നടത്തി. മുളിയാത്തോട് മാവുള്ള ചാലിൽ, കട്ടക്കളം, ആക്കാം പറമ്പ്, സ്വാമി പീടിക, പുത്തൂർ അമ്പിടാട്ട്, ചെണ്ടയാട് പാടാൻ താഴെ, കണ്ടോത്തും ചാൽ സൂപ്പിക്കുന്ന് എന്നിവിടങ്ങളിലെ ആൾതാമസില്ലാത്ത പറമ്പ്, കെട്ടിടങ്ങൾ തുടങ്ങിയ ഇടങ്ങളിലുമാണ് ഡോഗ്, ബോംബ് സ്ക്വാഡ് തുടങ്ങിയവയുടെ സഹായത്തോടെ റെയ്ഡ് നടത്തിയത്. നാർകോട്ടിക്ക് കമീഷണർ ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ കൊളവല്ലൂർ സി.ഐ സുമിത്ത്കുമാർ, എസ്.ഐ. കെ.കെ. സുബിൻ, പാനൂർ സി.ഐ പ്രേംസദൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ബോംബ് നിർമിച്ചത്ആർക്കുവേണ്ടി?
മുളിയാത്തോട് ബോംബ് നിർമാണം ആർക്കുവേണ്ടിയെന്ന അന്വേഷണത്തിൽ പൊലീസ്. ഡി.വൈ.എഫ്.ഐ നേതാവടക്കം അറസ്റ്റിലാകുമ്പോഴും സി.പി.എമ്മുമായി ബന്ധമില്ലെന്ന് പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുകയാണ്. പാർട്ടി തള്ളിപ്പറഞ്ഞവരെ നേതൃത്വം തന്നെ ഉൾക്കൊള്ളുന്ന നിലപാടാണ് പ്രാദേശിക നേതാക്കൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തതിലൂടെ വ്യക്തമാവുന്നതെന്നും ആരോപണമുണ്ട്.
ആറു പ്രതികൾ പിടിയിലായിട്ടും ബോംബ് നിർമിച്ചത് ആർക്ക് വേണ്ടിയെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാത്തത് പൊലീസിനെ കുഴക്കുകയാണ്. പരിക്കേറ്റവരെ കൊണ്ടുപോയ ആശുപത്രിയിൽ നിന്നുള്ള പൊലീസിനുള്ള ഫോൺ വിളികളും സ്ഫോടനത്തിൽ പങ്കെടുത്തയാൾ ഒരു വീട്ടുമുറ്റത്ത് ഉപേക്ഷിച്ച ചോരക്കറയുള്ള ബൈക്കുമാണ് അന്വേഷണത്തിന് വലിയ തുമ്പായി പൊലീസിന് ലഭിച്ചത്. അതിനിടെ മുളിയാത്തോട് സ്വദേശി മിഥുൻ ലാലിനെ ബംഗളൂരുവിൽനിന്നു പൊലീസ് പിടികൂടി.
സ്ഫോടനത്തിന്റെ തലേദിവസം ബംഗളൂരുവിലെത്തിയ മിഥുൻ ലാലുമായി ബിനീഷ് നടത്തിയ കാളും വാട്സ്ആപ് ചാറ്റിങ്ങിന്റെയും പാശ്ചാത്തലത്തിലാണ് മിഥുൻ ലാൽ പിടിയിലാവുന്നത്. അടുങ്കുടി വയലിൽ ക്ഷേത്ര ഉത്സവത്തിന് വിനീഷിന്റെ സംഘവും ആർ.എസ്.എസ് പ്രവർത്തകരും തമ്മിലുണ്ടായ അടിക്ക് ശേഷം വാട്സ്ആപ്പിൽ ആർ.എസ്.എസ് പ്രവർത്തകർ വിനീഷിന്റെ സംഘത്തെ വെല്ലുവിളിച്ചിരുന്നു. മുളിയാത്തോടിനടുത്ത കുയിമ്പിൽ ക്ഷേത്ര ഉത്സവത്തിന് കാലുകുത്താൻ അനുവദിക്കില്ലെന്നായിരുന്നു വെല്ലുവിളി. ഇതെല്ലാം പൊലീസ് അന്വേഷണ പരിധിയിലുൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.