അവിഹിതബന്ധം ആരോപിച്ച് സി.പി.എം നേതാവിനെതിരെ ഭാര്യ; വെട്ടിലായി പാർട്ടി
text_fieldsകായംകുളം: അഴിമതിക്കും ക്വട്ടേഷനും അശ്ലീല സംഭാഷണങ്ങൾക്കും പിന്നാലെ അവിഹിതം കൂടി ചർച്ചയായതോടെ സി.പി.എം കൂടുതൽ കുഴപ്പത്തിൽ. ഏരിയ സെന്റർ അംഗമായ തദ്ദേശ സ്ഥാപന ഭാരവാഹിക്ക് എതിരെ ലോക്കൽ കമ്മിറ്റി അംഗമായ ഭാര്യ പരാതിയുമായി രംഗത്ത് വന്നതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്.
യുവ നേതാവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മർദിച്ചത് കേസായതും പ്രശ്നമാണ്. വ്യത്യസ്ത സമുദായത്തിൽപെട്ട ഇവർ പ്രണയ വിവാഹിതരാണ്. ഏറെ നാളായി പുകയുന്ന പ്രശ്നമാണ് പൊട്ടിത്തെറിക്ക് വഴിമാറിയിരിക്കുന്നത്. പാർട്ടിയിലെ വിഭാഗീയത സമൂഹ മാധ്യമങ്ങളിലൂടെ പ്രകടമായ സമയത്താണ് പുതിയ സംഭവമെന്നതും നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നു. യുവനേതാക്കളായ ദമ്പതിമാർക്കിടയിലെ അസ്വാരസ്യം പരിഹരിക്കുന്നതിന് പലതവണ പാർട്ടി നേതാക്കൾ ഇടപെട്ടിരുന്നു.
മറ്റൊരു സ്ത്രീയുമായി യുവനേതാവിന് ബന്ധമുണ്ടെന്ന ആരോപണത്തിൽ വസ്തുതയുണ്ടെന്ന് ബോധ്യപ്പെട്ട പാർട്ടി ബന്ധം തുടരരുതെന്ന് നിർദേശവും നൽകിയിരുന്നു. ഇത് പാലിക്കപ്പെടാതിരുന്നതാണ് ഇരുവരും തമ്മിൽ വീണ്ടും തർക്കത്തിന് കാരണമായത്. തർക്കം സംഘർഷത്തിൽ കലാശിച്ചതോടെ പരിക്കേറ്റ യുവതി ഹരിപ്പാട് ഗവ. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് പാർട്ടി ജില്ല, സംസ്ഥാന നേതൃത്വങ്ങൾക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.
പാർട്ടി ലോക്കൽ കമ്മിറ്റി അംഗം കൂടിയായ യുവതിയുടെ പിതാവും നേതൃത്വത്തിന് മുന്നിൽ പരാതിയുമായി എത്തി. ഇതിനിടെ മൊഴി രേഖപ്പെടുത്താൻ കരീലക്കുളങ്ങര പൊലീസ് യുവതിയെ സമീപിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ല. നേതൃത്വത്തിൽ നിന്നുള്ള സമ്മർദമാണ് മൊഴി നൽകാതിരിക്കാൻ കാരണമായതെന്നാണ് വിവരം. എന്തായാലും പാർട്ടിക്ക് ഇത് താൽക്കാലിക ആശ്വാസത്തിന് വകയായി.
സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയുടെ നിറം കെടുത്തുന്ന തരത്തിൽ നിരന്തരം അരങ്ങേറുന്ന സംഭവ വികാസങ്ങളാകട്ടെ നേതൃത്വത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തുകയാണ്. ‘കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം’ എന്നീ ഫേസ്ബുക്ക് പേജുകളിലൂടെ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് അടുത്തിടെയായി പുറത്തുവരുന്നത്.
ഇരുഗ്രൂപ്പുകൾ തമ്മിലുള്ള പോർവിളി ശക്തമാകുന്നതിനിടെ ജില്ല സെക്രേട്ടറിയറ്റ് അംഗം കെ.എച്ച്. ബാബുജാന് നേരെയുണ്ടായ വധഭീഷണിയും ഏറെ ചർച്ചയായിരുന്നു. ചെമ്പട കായംകുളം ഗ്രൂപ്പിലാണ് ഭീഷണിയുണ്ടായത്. ഇതിനിടെ പുതിയ സംഭവങ്ങളിലൂടെ ഗ്രൂപ് സമവാക്യത്തിലും കാര്യമായ മാറ്റമുണ്ടാകുമെന്ന സൂചനയും ശക്തമാണ്. ജി. സുധാകരനെ അനുകൂലിച്ചിരുന്ന കമ്മിറ്റി സജി ചെറിയാൻ പക്ഷത്തേക്ക് ചാഞ്ഞിരുന്നു. എന്നിട്ടും പഴയ നിലപാടിൽ ഉറച്ചുനിന്നവരാണ് പുതിയ പ്രശ്നങ്ങളിലൂടെ വെട്ടിലായിരിക്കുന്നതെന്നതാണ് ശ്രദ്ധേയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.