ഭർത്താവ് മരിച്ചതറിഞ്ഞിട്ടും കാമുകനൊപ്പം മുങ്ങിയ ഭാര്യയും കാമുകനും അറസ്റ്റിൽ
text_fieldsഅഞ്ചൽ: ആത്മഹത്യ ചെയ്ത ഭർത്താവിൻ്റെ മൃതദേഹം മോർച്ചറിയിൽ കിടക്കുന്നതറിഞ്ഞിട്ടും രണ്ട് വയസ്സുള്ള മകളെ ഉപേക്ഷിച്ച് പോയ യുവതിയേയും കാമുകനേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇടമുളയ്ക്കൽ അശ്വതി ഭവനിൽ അശ്വതി (30), ചങ്ങനാശ്ശേരി പുതുപ്പറമ്പിൽ നിഥിൻ (30) എന്നിവരാണ് അറസ്റ്റിലായത്.
അശ്വതിയെ കാണ്മാനില്ലെന്ന് കാട്ടി സഹോദരൻ കഴിഞ്ഞ ദിവസം അഞ്ചൽ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഇന്നലെ അശ്വതി അഞ്ചൽ പൊലീസിൽ വക്കീലിനൊപ്പം ഹാജരായി ജാമ്യത്തിന് ശ്രമിച്ചു. എന്നാൽ, സ്റ്റേഷനിലെത്തിയ അശ്വതിയുടെ മാതാപിതാക്കൾ, അശ്വതി രണ്ട് വയസ്സുള്ള സ്വന്തം മകളെ ഉപദ്രവിക്കുമായിരുന്നുവെന്നും ഭർത്താവിനെ ചതിക്കുകയായിരുന്നുവെന്നും പൊലീസിൽ പരാതിപ്പെട്ടു.
ഇതേത്തുടർന്ന് വൈകീട്ട് ആറുമണിയോടെ ജുവനൈൽ ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അശ്വതിയുടെയും കാമുകനായ നിഥിന്റെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രണ്ട് ദിവസം മുമ്പാണ് അശ്വതിയുടെ ഭർത്താവ് ആയൂർ കുഴിയം സനു ഭവനിൽ സനു(32) ആത്മഹത്യ ചെയ്തത്. സനുവിനെ ഇഷ്ടമല്ലെന്നും മറ്റൊരാളോടൊപ്പം പോകുകയാണെന്നും അശ്വതി പറഞ്ഞിരുന്നുവത്രെ. ഇതോടൊപ്പം, സമ്പാദ്യമെല്ലാം അശ്വതി വഞ്ചിച്ചെടുത്തതിലുള്ള മനോവിഷമത്താലുമാണ് സനു ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.