വൃക്ക വിൽപനയിൽനിന്ന് പിന്മാറി: വീട്ടമ്മക്ക് ഭർത്താവിെൻറ മർദനം
text_fieldsവിഴിഞ്ഞം: വൃക്ക വിൽപനയിൽനിന്ന് പിന്മാറിയ യുവതിക്ക് ചിരവ കൊണ്ട് ഭർത്താവിെൻറ മർദനം. തടയാൻ ശ്രമിച്ച കുട്ടികൾക്കും മർദനമേറ്റു. ഭർത്താവിനെ വിഴിഞ്ഞം പൊലീസ് പിടികൂടി. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനി സുജയെയാണ് (32) ഭർത്താവ് സാജൻ (39) ക്രൂരമായി മർദിച്ചത്. വ്യാഴാഴ്ചയാണ് സംഭവം.
20 ദിവസം മുമ്പാണ് സുജയും കുടുംബവും കോട്ടപ്പുറത്തെ പുതിയ വാടക വീട്ടിലേക്ക് മാറിയത്. വീടിെൻറ അഡ്വാൻസ് തുക 25ന് നൽകണമെന്നും അല്ലാത്തപക്ഷം വീട് ഒഴിയണമെന്നും വീട്ടുടമസ്ഥ ആവശ്യപ്പെട്ടിരുന്നു. മത്സ്യത്തൊഴിലാളിയായ സാജൻ മത്സ്യബന്ധനം കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ഈ കാര്യം സുജ പറഞ്ഞു. ഇതിൽ കുപിതനായി സാജൻ ഭാര്യയോട് കയർക്കുകയും മർദിക്കുകയുമായിരുന്നു.
വിഴിഞ്ഞം എസ്.ഐ കെ.എൽ സമ്പത്തിെൻറ നേതൃത്വത്തിൽ പൊലീസ് സംഘമെത്തി ഇയാളെ പിടികൂടി. ഗാർഹിക പീഡനത്തിനും ജുവനൈൽ ആക്റ്റ് പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. ഇയാളെ റിമാൻഡ് ചെയ്തു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സുജയുടെ പരിശോധനകൾ പൂർത്തിയായിരുന്നു. എന്നാൽ, തീരദേശത്തെ വൃക്ക വിൽപനയെക്കുറിച്ചുള്ള 'മാധ്യമം' വാർത്ത പുറത്തുവന്നതോടെ ഇതിൽനിന്ന് പിന്മാറുകയായിരുന്നു. കോവിഡിന് പിന്നാലെ ജീവിതം ദുഷ്കരമായി എന്ന് സുജ പറയുന്നു. വാടകക്കും മക്കളുടെ ആവശ്യങ്ങൾക്കും ഒക്കെയായി പലരിൽനിന്ന് കടം വാങ്ങിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. പ്രണയ വിവാഹമായതിനാൽ വീട്ടുകാരും സഹായത്തിനില്ലെന്ന് സുജ പറഞ്ഞു. നിവൃത്തിയില്ലാതെയാണ് നാലര ലക്ഷത്തോളം രൂപ കടമുള്ള സുജ വൃക്ക വിൽക്കാൻ തയാറായത്. സ്വന്തമായി വീടില്ലാത്തതിനാൽ ബാക്കി പണത്തിൽ കയറിക്കിടക്കാൻ ഒരു വീടെന്ന സ്വപ്നം കൂടെ സഫലമാക്കാമെന്ന് സുജ കരുതി.
ഭർത്താവിെൻറ സഹോദരനും ഭാര്യയും നേരത്തേ ഇത്തരത്തിൽ വൃക്ക നൽകിയിരുന്നതായി സുജ പറയുന്നു. തുടർന്നാണ് സുജയും തയാറായത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഏജൻറിനെ കാണാൻ ആദ്യം സുജ ഭർത്താവുമായി പോയത്. വൃക്ക നൽകാൻ പരിശോധനകൾ നടത്തിയെങ്കിലും ഏഴു കിലോയോളം ഭാരം കൂടുതലായതിനാൽ ഇത് നടന്നില്ല. തുടർന്നാണ് ഏജൻറ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിച്ചത്. 10 ലക്ഷം രൂപ വേണമെന്ന് സുജ ഏജൻറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒമ്പത് ലക്ഷം രൂപവരെ നൽകാമെന്ന് ഏജൻറ് പറഞ്ഞു. ഡിസംബർ ഒന്നിനാണ് സുജയുടെ ശസ്ത്രക്രിയ പറഞ്ഞിരുന്നത്.
ഇതിനിടയിൽ 'മാധ്യമം' വാർത്തകൾ പുറത്തുവന്നതോടെ സുജയെ സ്ഥലം വാർഡ് കൗൺസിലറും വിഴിഞ്ഞം ഇടവക ഭാരവാഹികളും ചേർന്ന് വീട്ടിലെത്തി പിന്തിരിപ്പിച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാമെന്ന് കൗൺസിലർ ഉറപ്പ് പറഞ്ഞു. വൃക്ക നൽകിയാൽ തുടർന്നുള്ള ജീവിതം കഷ്ടത നിറഞ്ഞതാകുമെന്നും സംഘം പറഞ്ഞു മനസ്സിലാക്കി. അഡ്വാൻസ് തുക നൽകാത്തതിനാൽ വാടക വീട് ഒഴിഞ്ഞുകൊടുക്കാൻ വീട്ടുടമ ഇവരെ നിർബന്ധിക്കുകയാണ്. സുഖമില്ലാത്ത കുട്ടികളെയും കൊണ്ട് എങ്ങോട്ട് പോകണമെന്ന് അറിയാത്ത അവസ്ഥയിലാണ് സുജ ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.