ഭർത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ -വിസ്മയ കേസ് വിധിന്യായത്തിൽ കോടതി
text_fieldsകൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ ഭര്‍ത്താവ് കിരൺകുമാര്‍ കാട്ടിയ ക്രൂരതയാണ് വിസ്മയയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വിസ്മയ കേസ് വിധിന്യായത്തിൽ കൊല്ലം ഒന്നാംക്ലാസ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. സുജിത്ത് വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന നിലയിൽ വിവാഹ മാര്‍ക്കറ്റിൽ വലിയ വില കിട്ടുന്നയാളാണെന്ന് സ്വയം കരുതി. ഇത് ഗൗരവമുള്ള കാര്യമാണ്. ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ല ഭാര്യ. അവര്‍ക്കും അവരുടേതായ അന്തസ്സും വ്യക്തിത്വവുമുണ്ട്.
ഭാര്യയെ സംരക്ഷിക്കാൻ ശേഷിയുണ്ടായിട്ടും ദ്രോഹിക്കാനാണ് കിരൺകുമാര്‍ തീരുമാനിച്ചത്. സ്ത്രീധനമെന്ന വിപത്ത് വിസ്മയയുടെ എല്ലാ ആഗ്രഹങ്ങളും തകര്‍ത്തു. വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും അമൂല്യ സുഗന്ധമാണ് അവരുടെ സൽപ്പേര്. ആത്മാഭിമാനം നഷ്ടമായാൽ ജീവശ്വാസംതന്നെയാണ് ഇല്ലാതാകുന്നത്. അത്രയും വിലയില്ലാത്തവളാണോയെന്ന് വിസ്മയ ചോദിച്ചത് കോടതി ചൂണ്ടിക്കാട്ടി. എത്രമാത്രം ദുരിതമാണ് വിസ്മയ അനുഭവിച്ചതെന്ന് ആ വാക്കുകളിലുണ്ടെന്നും ഇനി നല്ലൊരു ഭാവിയില്ലെന്ന തോന്നൽ ജീവിതം അവസാനിപ്പിക്കാൻ നിര്ബന്ധിതമാക്കുകയായിരുന്നെന്നും വിധിന്യായത്തിൽ പറയുന്നു.
ഒരാണ്ട് ആകുംമുമ്പേ വിധി
കൊല്ലം: മരണം സംഭവിച്ച് ഒരു വർഷം പൂർത്തിയാകും മുമ്പേ വിചാരണ നടപടി പൂർത്തിയാക്കി വിധി പ്രസ്താവന ഉണ്ടായെന്നത് വിസ്മയ കേസിലെ അപൂർവതയാണ്. നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി.നായരെ 2021 ജൂൺ 21 നാണ് ശാസ്താംകോട്ട ശാസ്താനടയിലുള്ള ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മകളെ ഭർത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായും കൊലപാതകമാണെന്നുമുള്ള ആരോപണവുമായി വിസ്മയയുടെ വീട്ടുകാർ രംഗത്തെത്തി. കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായിരുന്ന ഭർത്താവ് കിരൺകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സെപ്റ്റംബർ 10ന് കുറ്റപത്രം സമർപ്പിച്ചു. ജനുവരി പത്തിന് വിചാരണ ആരംഭിച്ചു. കേസിന്റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹന വകുപ്പ് കിരൺകുമാറിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടു. വിസ്മയ മരിച്ച ദിവസം രാത്രി പിടിയിലായി റിമാൻഡിലായ കിരൺകുമാറിന് വിചാരണ അന്തിമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ സുപ്രീംകോടതി ഒരുമാസം മുമ്പ് ജാമ്യം അനുവദിച്ചിരുന്നു.
പ്രോസിക്യൂഷൻ വിസ്തരിച്ച 42 സാക്ഷികളിൽനിന്നും 120 രേഖകളിൽനിന്നും 12 മുതലുകളിൽനിന്നും കുറ്റകൃത്യങ്ങൾ പൂർണമായി തെളിഞ്ഞതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് കോടതിയിൽ വാദിച്ചു.
സർക്കാർ ഉദ്യോഗസ്ഥനായ പ്രതി വിവാഹ മാർക്കറ്റിൽ താനൊരു വിലകൂടിയ ഉൽപന്നമാണെന്ന് കരുതുകയും സ്ത്രീധന സമ്പ്രദായം ശരിയാണെന്ന് കരുതുകയും ചെയ്യുന്നത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നതായാണ് പ്രോസിക്യൂഷന്റെ പ്രധാന ആരോപണം. കിരൺ, വിസ്മയയുടെ മാതാവ്, വിസ്മയയുടെ ബാല്യകാല സുഹൃത്ത് എന്നിവരുടെ ഫോണുകളിൽനിന്ന് വീണ്ടെടുത്ത റെക്കോഡ് ചെയ്ത ഫോൺ സംഭാഷണങ്ങളും കേസിൽ തെളിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.