പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: പ്രതി വലയിലായതായി സൂചന
text_fieldsപൊന്നാനി: പൊന്നാനിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് യൂനുസ് കോയക്കായുള്ള അന്വേഷണം പുരോഗമിക്കുന്നു. പ്രതിയെക്കുറിച്ച സൂചന ലഭിച്ചതോടെ പൊലീസ് ഹൈദരാബാദിലേക്ക് പുറപ്പെട്ടു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹൈദരാബാദിലുണ്ടെന്ന സൂചന ലഭിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് പൊന്നാനി സ്വദേശിയായ സുലൈഖയെ ഭർത്താവ് കൊലപ്പെടുത്തിയത്. വീടിന് പിൻവശത്തെ കനോലി കനാൽ നീന്തിക്കടന്നാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുമ്പോഴും പിന്നീട് എങ്ങോട്ട് പോയെന്നറിയാതെ കുഴങ്ങുകയായിരുന്നു ദിവസങ്ങളോളം പൊലീസ്. വ്യാഴാഴ്ച രാത്രിയാണ് സുന്നത്തുനോമ്പ് തുറന്നശേഷം സുലൈഖയെ ഭർത്താവ് യൂനുസ് കോയ പതിയിരുന്ന് വെട്ടിക്കൊന്നത്.
ഇയാളെ പിടികൂടുന്നതിൽ അന്വേഷണസംഘത്തിന് ഗുരുതരവീഴ്ച ഉണ്ടായതായി ആരോപണമുയർന്നിരുന്നു. അഞ്ചു ദിവസം കഴിഞ്ഞതിനുശേഷമാണ് പ്രതിയെക്കുറിച്ച സൂചന ലഭിച്ചത്. കൂട്ടായിയിലെ വീട്ടിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതിയായ യൂനുസ് കോയ മക്കളെയും കൊന്നുകളയുമെന്ന് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.
ഉമ്മയെ കൊന്ന ഉപ്പ തങ്ങളെയും കൊല്ലുമെന്ന ഭീതിയിലാണ് മൂന്നുമക്കളും. മൂത്ത പെൺകുട്ടി പ്ലസ് ടു വിദ്യാർഥിനിയാണ്. രണ്ടാമത്തെ ആൺകുട്ടി എട്ടാം ക്ലാസിലാണ് പഠിക്കുന്നത്. മൂന്നാമത്തെ ആൺകുട്ടി ചെറുതാണ്. കുടുംബമിപ്പോൾ താമസിക്കുന്നത് ഉമ്മയുടെ സഹോദരിയുടെ വീട്ടിലാണ്.
പൊലീസിന്റെ മെെല്ലപ്പോക്കിനെതിരെ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങുകയായിരുന്നു നാട്ടുകാർ. ഇതിനിടെയാണ് ഇയാളെക്കുറിച്ച സൂചന ലഭിച്ചത്. ഭർത്താവിൽനിന്ന് അകന്ന് കഴിയുകയായിരുന്നു സുലൈഖ. പൊലീസ് സ്റ്റേഷൻ മുഖേന പ്രശ്നങ്ങൾ സംസാരിച്ച് ഒത്തുതീർപ്പായശേഷം സുലൈഖതന്നെയാണ് ഗൾഫിൽ പോകാൻ ടിക്കറ്റെടുത്ത് നൽകിയത്. ഗൾഫിൽ പോയ ഇയാൾ രണ്ട് ആഴ്ചക്കുശേഷം പൊടുന്നനെ നാട്ടിലെത്തിയാണ് കൊലപാതകം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.