ആര് തളക്കും?
text_fieldsതിരുവനന്തപുരം: കാടിറങ്ങുന്ന കാട്ടാനയും കാട്ടുപന്നിയും പുലിയും എത്ര വോട്ട് കവരും..? വോട്ടില്ലാത്ത വന്യജീവികളും ഇക്കുറി വോട്ടെടുപ്പിൽ നിർണായക സ്വാധീന ഘടകമായി മാറുന്നതാണ് പ്രചാരണ രംഗത്തെ കാഴ്ച. ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്ന ആനയും കടുവയും കാട്ടുപന്നിക്കൂട്ടങ്ങളും മലയോരവാസികളുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി.
രോഷം അണപൊട്ടി ഒഴുകുന്നതാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ മൃതദേഹവുമായി നടുറോഡിൽ അരങ്ങേറുന്ന പ്രതിഷേധത്തിൽ കാണുന്നത്. സ്വാഭാവികമായും ജനവികാരം ഭരിക്കുന്ന സർക്കാറിന് എതിരായാണ് വരുക. അത് ഏറ്റെടുത്ത് പ്രതിപക്ഷം ആഞ്ഞടിക്കുമ്പോൾ ഭരണപക്ഷത്തിനുണ്ടാകുന്ന പരിക്ക് ചെറുതല്ല. പരിസ്ഥിതിയിലെ മാറ്റങ്ങളും വരൾച്ചയും ഉൾപ്പെടെ വന്യജീവികൾ നാട്ടിലിറങ്ങുന്നത് തടയുന്നതിന് കാരണങ്ങൾ പലതാണ്. ഇതാകട്ടെ, സംസ്ഥാന സർക്കാറിന്‍റെ മാത്രം പിടിയിൽ നിൽക്കുന്ന കാര്യങ്ങളുമല്ല.
ക്ഷോഭിച്ചുനിൽക്കുന്ന ജനത്തിന് മുന്നിൽ ഇവയൊന്നും പറഞ്ഞുനിൽക്കാൻ സംസ്ഥാന സർക്കാറിന് കഴിയില്ല. സഭാനേതൃത്വവും മറ്റും വിഷയം ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് വേളയിൽ രംഗത്തുവരുമ്പോൾ സർക്കാറിന് മുന്നിൽ സമ്മർദം ഇരട്ടിയായി. വന്യജീവി ആക്രമണം പ്രത്യേക ദുരന്തമായി കണക്കാക്കി നഷ്ടപരിഹാരം നൽകുന്നതിന് തീരുമാനം മന്ത്രിസഭ കൈക്കൊണ്ടത് രോഷം തണുപ്പിക്കാൻ ലക്ഷ്യമിട്ടാണ്. മിന്നൽ വേഗത്തിൽ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതും അതിലൊരു വിഹിതം ഉടൻ എത്തിക്കുന്നതും പരിക്ക് കുറക്കാനുള്ള ശ്രമങ്ങളാണ്.
കാട്ടാനയെ തളക്കുന്നവർക്ക് വോട്ട്; ഇടുക്കിയിലെ മുഖ്യ പ്രചാരണ വിഷയം
തൊടുപുഴ: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ ഇടുക്കിയിൽ ഭൂവിഷയമടക്കമാണ് നേരത്തേ മുഖ്യ ചർച്ചയായിരുന്നതെങ്കിൽ ഇത്തവണത്തെ കാടിറങ്ങുന്ന വന്യമൃഗങ്ങളാണ് വിഷയം. ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടാനശല്യം നേരിടുന്നവരാണ് ഇടുക്കി ചിന്നക്കനാൽ നിവാസികൾ. അരിക്കൊമ്പന്‍റെ നാടുകടത്തലിനെത്തുടർന്ന് അൽപം ശമനമുണ്ടായിരുന്ന വന്യമൃഗശല്യം ഇപ്പോൾ അതിരൂക്ഷമാണ്.
മൂന്ന് മാസത്തിനിടെ അഞ്ചുപേരാണ്ഇടുക്കിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വന്യമൃഗ ആക്രമണം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ്. അതുകൊണ്ട് കാട്ടാന ശല്യത്തിൽനിന്ന് ഞങ്ങളെ സംരക്ഷിക്കുന്നവർക്ക് മാത്രമാണ് ഇത്തവണത്തെ വോട്ടെന്ന് ചിന്നക്കനാൽ പ്രദേശവാസികൾ പ്രഖ്യാപിച്ച് കഴിഞ്ഞു. ചക്കക്കൊമ്പൻ, മുറിവാലൻ പടയപ്പ ഇങ്ങനെ പേരുള്ളവയും അല്ലാത്തവയുമായി കാട്ടാനകൾ മൂന്നാർ, ചിന്നക്കനാൽ, പീരുമേട് മേഖലകളിൽ വിലസുകയാണ്. ഇതിനുപിറകെ കാട്ടുപോത്തും കരടിയും പുലിയുമൊക്കെ ഹൈറേഞ്ച് ജനതയെ മുൾമുനയിൽ നിർത്തുന്നു.
പ്രതിഷേധം രൂക്ഷമാകുമ്പോൾ വാഗ്ദാനങ്ങളുമായി എത്തുന്നവരെ വിശ്വാസമില്ലെന്നാണ് വന്യമൃഗശല്യം നേരിടുന്ന സ്ഥലങ്ങളിലെ പ്രദേശവാസികൾ പറയുന്നത്. ഇത്തരം വാഗ്ദാനങ്ങളുമായി ആരും ഇവിടേക്ക് വരേെണ്ടന്നും ഇവർ ഉറച്ച ശബ്ദത്തിൽ വ്യക്തമാക്കുന്നു.
പാലക്കാട്ട് അഞ്ചു വർഷത്തിനിടെ ജീവൻ നഷ്‌ടമായത്
പാലക്കാട്: മനുഷ്യ-വന്യജീവി സംഘർഷത്തിൽ കലുഷിതമായി ജില്ലയുടെ വനാതിർത്തികൾ. അഞ്ചു വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്‌ടമായത് 49 പേർക്ക്. കാട്ടാനയും പന്നിയും അടക്കമുള്ള മൃഗങ്ങളുടെ ആക്രമണത്തിലാണ് മരണങ്ങൾ സംഭവിച്ചത്. പുതൂർ തേക്കുപ്പനയിൽ രംഗന്റെ മരണമാണ് അവസാനത്തേത്. കശുവണ്ടി ശേഖരിക്കാൻ കാട്ടിലേക്കു പോയതായിരുന്നു ഇയാൾ. വന്യമൃഗ-മനുഷ്യ സംഘർഷം വർധിക്കുമ്പോഴും ഇതിന് തടയിടാൻ കൃത്യമായ പോംവഴികൾ വനംവകുപ്പിന്റെയോ സർക്കാറിന്റെയോ മുന്നിലില്ല. കൃത്യമായ പഠനങ്ങളുടെയും പരിശോധനകളുടെയും അഭാവം ശാസ്ത്രീയ ഇടപെടലുകൾക്കും വെല്ലുവിളിയാണ്. വനാതിർത്തികളിൽനിന്ന് ഉയരുന്ന പ്രതിഷേധം ഇത്തവണ വോട്ടുബാങ്കിലും സ്വാധീനിച്ചേക്കും.
അഞ്ചു വർഷത്തിനിടെ വന്യമൃഗ ആക്രമണത്തിൽ 594 പേർക്ക് പരിക്കേറ്റതായി വനംവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനു പുറമെ 99 പേർ പാമ്പുകടിയേറ്റും മരിച്ചു. ആക്രമണങ്ങളും മരണങ്ങളും ഉണ്ടാകുമ്പോഴും പോംവഴികളില്ലാതെ വനംവകുപ്പ് നെട്ടോട്ടത്തിലാണ്. ജില്ലയിൽ കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷിക മേഖലകളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്.
- 2020ൽ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ തീരുമാനം നടപ്പാക്കിയതു മുതൽ 2022 മേയ് വരെ മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന വനംവകുപ്പ് ഈസ്റ്റേൺ സർക്കിളിൽ 1382 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
- പത്തു വർഷത്തിനിടെ 8557 പേർ കാട്ടുപന്നിയുൾപ്പെടെയുള്ള വന്യജീവികളുടെ ആക്രമണത്തിനിരയായി.
- ആനകളുടെ ആക്രമണത്തിൽ മലമ്പുഴയുൾപ്പെടെ ജില്ലയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
- 2023 ജൂൺ 15ന് അട്ടപ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിന് വിധേയനായ യുവാവിന്റെ മൃതശരീരത്തിൽ ആന്തരികാവയവങ്ങൾപോലും ഇല്ലായിരുന്നു.
സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയച്ച പട്ടികയിൽ പാലക്കാട് ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച 28 വില്ലേജുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.