വന്യമൃഗ ശല്യം: വനം വകുപ്പിനെതിരെ സി.പി.എം
text_fieldsതൊടുപുഴ: വന്യജീവി ആക്രമണ മേഖലയില്‍ വനം വകുപ്പ് സ്വീകരിക്കുന്ന മനുഷ്യത്വരഹിത നടപടി തുടരാന്‍ അനുവദിക്കില്ലെന്ന് സി.പി.എം. അത്യന്തം മനുഷ്യത്വരഹിത സമീപനമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടാകുന്നത്. മൂന്നാറിലും ശാന്തമ്പാറ പന്നിയാറിലും ആനശല്യത്തില്‍ ഭയവിഹ്വലരായി കഴിയുന്നവരോട് ഉദ്യോഗസ്ഥർ ക്രൂര സമീപനമാണ് തുടരുന്നത്.
ആന കുത്തിക്കൊലപ്പെടുത്തിയ ശക്തിവേലിന്റെ മാതാവിനെ മകന്റെ മൃതദേഹംപോലും കാണാന്‍ അനുവദിക്കാത്ത വനം വകുപ്പിന്റെ നടപടി ക്രൂരവും നിന്ദ്യവുമാണ്. ശക്തിവേലിന്റെ മരണത്തില്‍ വനംവകുപ്പിന്റെ വീഴ്ച പരിശോധിക്കപ്പെടണം.
മൂന്നാറില്‍ ആനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ വാഹനത്തിന്റെ ഹോണ്‍ മുഴക്കിയ ഡ്രൈവര്‍ക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണം. ജനങ്ങള്‍ക്ക് വന്യജീവി ആക്രമണത്തില്‍നിന്ന് സംരക്ഷണം കൊടുക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ ജനങ്ങളെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന നീക്കം അനുവദിക്കില്ല. ജനങ്ങള്‍ക്ക് സ്വാതന്ത്ര്യത്തോടെ നിര്‍ഭയമായി ജീവിക്കാന്‍ കഴിയണം.
ആനയെ ജനവാസകേന്ദ്രങ്ങളില്‍നിന്നും മാറ്റാനുള്ള ഊര്‍ജിത ശ്രമം നടത്തേണ്ടതിന് പകരം ചില്ലിക്കൊമ്പൻ, അരിക്കൊമ്പൻ എന്നെല്ലാം പേരിട്ട് വാര്‍ത്തകളിൽ ഇടം പിടിക്കാനുള്ള നിലവാരമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വനം മന്ത്രി ജില്ല സന്ദര്‍ശിക്കണം. ഉദ്യോഗസ്ഥ അഴിഞ്ഞാട്ടത്തിന് അറുതിവരുത്താൻ ശക്തമായ നടപടി സ്വീകരിക്കണം. ഇക്കാര്യം സി.പി.എം സംസ്ഥാന നേതൃത്വത്തെയും വനം മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.