കണ്ണ് തുറക്കാൻ എത്ര ജീവനുകൾ വേണം?
text_fieldsകൽപറ്റ: കാട്ടാന ആക്രമണങ്ങൾക്ക് അറുതിയില്ലാതെ വയനാട്. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും കണ്ണിൽ പൊടിയിടുന്ന നടപടികൾ മാത്രമാണ് വനം വകുപ്പിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. എട്ടരലക്ഷം ജനങ്ങളെ ഭീതിയിലാഴ്ത്തി പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ ജില്ലയിൽ മനുഷ്യനു നേരെ വന്യജീവി ആക്രമണങ്ങളുണ്ടാവുകയാണ്. വെള്ളിയാഴ്ച മരിച്ച പോളിനെയും കഴിഞ്ഞയാഴ്ച മരിച്ച അജീഷിനെയും പകൽസമയത്താണ് കാട്ടാന വകവരുത്തിയത്. കാട്ടാനയും കടുവയും കരടിയും പുലിയുമെല്ലാം ദിനേന വനത്തിന് പുറത്തിറങ്ങി ജനവാസ കേന്ദ്രങ്ങളിലെത്തി താണ്ഡവമാടുമ്പോഴും പരിഹാരം കണ്ടെത്താനോ ശാശ്വത നടപടികൾ സ്വീകരിക്കാനോ സർക്കാർ സംവിധാനങ്ങൾ തയാറാവുന്നില്ല. കഴിഞ്ഞ 10 വർഷത്തിനിടെ വന്യജീവികൾ ജില്ലയിൽ 54 പേരുടെ ജീവനെടുത്തപ്പോൾ 44 പേരും കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലാണ്. കടുവ ഏഴും കാട്ടുപോത്ത് രണ്ടും കാട്ടുപന്നി ഒരാളെയും കൊന്നു.
ഈ വർഷം കാട്ടാന ആക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴു വർഷത്തിനിടെ മേപ്പാടി എന്ന പ്രദേശത്ത് മാത്രം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഏഴു പേരാണ്. ഇതിലേറെയും കാട്ടാനയാണ് വില്ലൻ. അഞ്ചു വർഷത്തിനിടെ 542 പേർ സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിൽ ഭൂരിഭാഗവും കാട്ടാന ആക്രമണത്തിലാണ്. ഓരോ വർഷവും വന്യജീവി പ്രതിരോധത്തിന് കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും ആക്രമണങ്ങൾക്ക് ഒട്ടും കുറവില്ല. കിടങ്ങുകളും വേലികളും തകർന്നത് കാരണം കൂടുതൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നു. വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുടേതുൾപ്പെടെ നൂറുകണക്കിന് വീടുകൾ തകർക്കുന്നു. വളർത്തുമൃഗങ്ങളെയടക്കം കൊന്നൊടുക്കുകയും ചെയ്യുന്നു. വന്യജീവികളെ പ്രതിരോധിക്കുന്നതിന് രണ്ടുവര്‍ഷം മുമ്പ് വനം വകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന സർക്കാർ 620 കോടിയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.