ഗർഭിണിയായ പശുവിനെ കൊന്ന് കിടാവിനെ തിന്നു; ആക്രമിച്ചത് പുലിയോ കടുവയോ എന്ന് സംശയം
text_fieldsവടശ്ശേരിക്കര: പെരുനാട് കുളത്തും നിരവേൽ ഭാഗത്ത് ഗർഭിണി പശുവിനെ കൊന്ന് വന്യജീവി കിടാവിനെ തിന്നു. ആക്രമിച്ചത് പുലിയോ കടുവയോ എന്ന് സംശയിക്കുന്നതായി പശുവിനെ പോസ്റ്റുമോർട്ടം ചെയ്ത വെച്ചൂച്ചിറ മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ പറഞ്ഞു. പെരുനാട് കാർമൽ എൻജിനീയറിങ് കോളജിന് സമീപം കുളത്തും നിരവേൽ വളവനാൽ റെജി തോമസിന്റെ നാലുമാസം ഗർഭിണിയായ പശുവാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്.
തൊഴുത്തിനോടു ചേർന്ന് ഉടമയുടെ സ്വന്തം റബർ തോട്ടത്തിലായിരുന്നു പശുവിനെ കെട്ടിയിരുന്നത്. പല്ലിന്റെ വലുപ്പവും ആക്രമണത്തിന്റെ രീതിയും െവച്ചു നോക്കുമ്പോൾ കടുവയോ വലിയ പുലിയോ ആണ് പശുവിനെ ആക്രമിച്ചതെന്ന നിഗമനത്തിലാണ് ഡോക്ടർ. നാട്ടുകാർ സംഘടിച്ചതിനെത്തുടർന്ന് രാജാം പാറ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും വനപാലകരെത്തിയെങ്കിലും പോസ്റ്റുമോർട്ടം നടപടികൾക്ക് നേതൃത്വം നൽകിയശേഷം മടങ്ങി. ഇതിനിടെ തിങ്കളാഴ്ച പകൽ അഞ്ച് മണിക്ക് മറ്റൊരു പശുവിന് നേെരയും ആക്രമണം നടന്നു. ഇത് കടുവയാണെന്ന് നാട്ടുകാർ പറയുന്നു.
നാട്ടുകാർക്കും വളർത്തുമൃഗങ്ങൾക്കും വന്യമൃഗ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇവിടെ കൂട് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, ഉന്നത വനംവകുപ്പ് അധികൃതരുടെ അനുമതി കിട്ടിയാൽ മാത്രമെ കൂടു സ്ഥാപിക്കാൻ കഴിയൂവെന്ന നിലപാടിലാണ് വനം വകുപ്പുദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.