വന്യജീവി ആക്രമണം; സംസ്ഥാനത്ത് 13 ദ്രുതപ്രതികരണ സേനകൾ കൂടി
text_fieldsനിലമ്പൂർ: വന്യജീവി ആക്രമണം പെരുകിയ സാഹചര്യത്തിൽ സംസ്ഥാനത്ത് പുതുതായി 13 ദ്രുതപ്രതികരണ സേന (റാപിഡ് റെസ്പോൺസ് ടീം) കൂടി രൂപവത്കരിക്കണമെന്ന വനംവകുപ്പിന്റെ ശിപാർശക്ക് തത്ത്വത്തിൽ അംഗീകാരം. മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗത്തിൽ വനംവകുപ്പ് ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. ആവശ്യം അംഗീകരിച്ച് ധനവകുപ്പിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു.
പുതുതായുള്ള നിയമനം കുറച്ച് നിലവിലുള്ള തസ്തികകളിൽ സ്ഥാനക്കയറ്റം നൽകാനാണ് തീരുമാനം. വാഹനമുൾപ്പെടെയുള്ള സൗകര്യത്തോടെയുള്ള ആർ.ആർ.ടി രൂപവത്കരണത്തിനും തസ്തികകളിൽ സ്ഥാനക്കയറ്റം നൽകുന്നതിനും 38.70 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 21 സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികകൾ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികകളായും 75 ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികകൾ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികകളായും ഉയർത്തും. 21 ഡ്രൈവർ തസ്തികകളും 21 പാർട്ട് ടൈം സ്വീപ്പർ തസ്തികകളും പുതുതായി സൃഷ്ടിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് നിലവിൽ 15 ആർ.ആർ.ടികളാണുള്ളത്. ഇതിൽ ഒമ്പതെണ്ണത്തിന് മാത്രമാണ് വാഹനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുള്ളത്. ബാക്കി ആറ് എണ്ണത്തിനും പുതുതായി തുടങ്ങുന്ന 13 എണ്ണത്തിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം. ഇതിൽ അഞ്ചെണ്ണത്തിനെങ്കിലും വെറ്ററിനറി കെയർ ഫെസിലിറ്റി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വേണം. എല്ലാ സൗകര്യങ്ങളോടെയുമുള്ള ഒരു ആർ.ആർ.ടി രൂപവത്കരണത്തിന് മൂന്നുകോടി രൂപയാണ് ചെലവ് കാണുന്നത്. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ, മൂന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാർ, എട്ട് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ, നാല് വാച്ചർമാർ, ഡ്രൈവർ, പാർട്ട് ടൈം സ്വീപ്പർ എന്നിവരാണ് ഒരു ആർ.ആർ.ടിയിലുണ്ടാവുക. അടുത്തിടെ 500 ആദിവാസി ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരുടെ നിയമനം നടത്തിയിരുന്നു. ഇവരുടെ സേവനം ആർ.ആർ.ടിയിലേക്കുകൂടി ഉപയോഗപ്പെടുത്തും.
തിരുവനന്തപുരം സിറ്റി, കൊല്ലം സിറ്റി, കോന്നി, ആലപ്പുഴ സിറ്റി, എരുമേലി, മറയൂർ, മാങ്കുളം, കോതമംഗലം, പരിയാരം, പട്ടിക്കാട്, കൊല്ലങ്കോട്, കരുവാരകുണ്ട്, പേര്യ എന്നിവിടങ്ങളിലാണ് പുതിയ ആർ.ആർ.ടി രൂപവത്കരണത്തിന് ശിപാർശയുള്ളത്. പേപ്പാറ, അഞ്ചൽ, റാന്നി, മൂന്നാർ, മലയാറ്റൂർ, പാലക്കാട്, മണ്ണാർക്കാട്, അട്ടപ്പാടി, നിലമ്പൂർ നോർത്ത്, കോഴിക്കോട്, കൽപറ്റ, കണ്ണൂർ (ആറളം), കാസർകോട്, പീരുമേട്, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലാണ് നിലവിൽ ആർ.ആർ.ടികളുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.