വന്യമൃഗ ജനന നിയന്ത്രണം; കേരളം സുപ്രീംകോടതിയിലേക്ക്
text_fieldsതിരുവനന്തപുരം: വയനാട്ടിൽ കടുവ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾക്കുള്ള സ്റ്റേ ഒഴിവാക്കാൻ സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
വെള്ളിയാഴ്ച ചേർന്ന ഉന്നതതല വകുപ്പ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചത്. വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ 2013ലാണ് സുപ്രീംകോടതി തടഞ്ഞത്. കേരളമടക്കം 13 സംസ്ഥാനങ്ങൾ കേസിൽ കക്ഷികളാണ്. കേസ് സംബന്ധിച്ച നടപടികൾ മരവിച്ച നിലയിലാണ്. സുപ്രീംകോടതിയിലെ സ്റ്റേ ഒഴിവാക്കിയാലേ ശാസ്ത്രീയ നടപടികൾ സ്വീകരിക്കാൻ സർക്കാറിന് സാധിക്കൂവെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവം ഖേദകരമാണ്. വയനാട്ടിൽ മാത്രം 2015ൽ മൂന്നും 2019, 2020, 2023 വർഷങ്ങളിൽ ഒന്നുവീതവും ആളുകൾ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടു.വനത്തിനുൾക്കൊള്ളാനാവുന്നതിലും കൂടുതൽ മൃഗങ്ങളുണ്ട്. വനാതിർത്തിക്കുള്ളിൽ വനേതര ഭാഗങ്ങളുടെ വിസ്തൃതി വർധിച്ചതിനാൽ ഭക്ഷണത്തിനായി മൃഗങ്ങൾ നാട്ടിലേക്ക് വരുന്നെന്ന വാദങ്ങളുമുണ്ട്. ഈ നിഗമനങ്ങളെ സർക്കാർ തള്ളുന്നില്ല. കാട്ടിലുള്ള മൃഗങ്ങളുടെ ഭക്ഷണക്രമമില്ലാതാക്കുന്ന മഞ്ഞക്കൊന്ന മരം നിർമാർജനം ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മൃഗങ്ങളെ ഉൾക്കൊള്ളാനുള്ള വനത്തിന്റെ ശേഷി, വനത്തിൽ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭ്യമാണോ എന്നിവയെക്കുറിച്ച് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ശാസ്ത്രീയ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.