വന്യമൃഗശല്യം: ശാസ്ത്രീയപഠനം നടത്തും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്‍റെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയപഠനം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍. വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തുന്ന പഠനത്തിന്‍റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാനാകൂവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പ്രതിപക്ഷ നോട്ടീസിന് മന്ത്രി മറുപടി നൽകി. വന്യമൃഗങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടും പ്രശ്നം ഗൗരവത്തിൽ കാണാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
വന്യമൃഗശല്യം നിയന്ത്രിക്കാൻ കേന്ദ്ര നിയമങ്ങളുടെ പരിമിതികൾക്കുള്ളിൽനിന്ന് കഴിയുന്നതൊക്കെ ചെയ്യുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വിദഗ്ധ സംഘത്തിന്‍റെ പഠന റിപ്പോർട്ട് വരുംവരെ കടുവകളെ പിടികൂടി പറമ്പിക്കുളം, പെരിയാര്‍ കടുവാ സങ്കേതങ്ങളിലേക്ക് മാറ്റും.
വയനാട്ടില്‍ കടുവകളുടെ കണക്കെടുക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ആനകളുടെ എണ്ണവും ശേഖരിക്കും. വന്യമൃഗങ്ങൾ മൂലമുള്ള നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിക്കും. കാട്ടുപന്നികളെ നിയന്ത്രിക്കാനായിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടെ, സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 637 പേർ മരിച്ചു.
വന്യജീവി ആക്രമണത്തിൽനിന്ന് ജനങ്ങളെ രക്ഷിക്കാൻ രാപ്പകല്‍ അധ്വാനിക്കുന്ന വനംവകുപ്പ് ജീവനക്കാരുടെ ആത്മവീര്യം കെടുത്തരുത്. വയനാട് കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മകന് വനം വകുപ്പില്‍ ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യനെ വന്യമൃഗങ്ങള്‍ കൊല്ലുന്നതുവരെ വനംവകുപ്പ് ഉപേക്ഷാ മനോഭാവമാണ് സ്വീകരിക്കുന്നതെന്ന് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നോട്ടീസ് നൽകിയ സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.