വന്യമൃഗവേട്ട കേസ്: വനപാലകരെ കണ്ട് ആത്മഹത്യാശ്രമം നടത്തിയയാൾ ആശുപത്രിയിൽ
text_fieldsകല്ലടിക്കോട്: വന്യമൃഗവേട്ട കേസിൽ അന്വേഷണത്തിനും പരിശോധനക്കുമായി എത്തിയ വനപാലകരെ കണ്ട് ആത്മഹത്യാശ്രമം നടത്തിയയാളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പാലക്കാട് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലടിക്കോട് ചെറുമല കുന്നേമുറി ചന്ദ്രനെയാണ് (44) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ഒരാഴ്ച മുമ്പ് കല്ലടിക്കോട് വനമേഖലയിൽ കാട്ടുപോത്തിനെ വേട്ടയാടി കൊന്നിരുന്നു. ഈ കേസിൽ പ്രതിയാണെന്ന് സൂചന ലഭിച്ചതിനാലാണ് വനപാലകർ ഇയാളുടെ വീട്ടിൽ പരിശോധനക്കായി എത്തിയത്. വീടിനുള്ളിലുണ്ടായിരുന്ന ചന്ദ്രൻ ഉദ്യോഗസ്ഥരെ കണ്ടതോടെ ആസിഡ് കഴിച്ചാണ് വാതിൽതുറന്ന് പുറത്തേക്ക് വന്നതെന്ന് വനപാലകർ പറഞ്ഞു. അവശ നിലയിലായതിനാൽ ഉടൻ പാലക്കാട് ജില്ല ആശുപത്രിയിലേക്കും തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അപകട നില തരണം ചെയ്‌തതായി അധികൃതർ അറിയിച്ചു.
അതേസമയം, കാട്ടുപോത്തിനെ വേട്ടയാടിയ കേസിൽ വനപാലകർ കരിമ്പ മരുതംകാട് രാമദാസ് (37), ചൂരക്കാട് മുരളി (52) എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇറച്ചിയും പിടികൂടിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പിടികൂടാനുണ്ടെന്ന് വനപാലകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.