വന്യമൃഗങ്ങൾ കാടിറങ്ങുന്നു; പ്രതിരോധ പദ്ധതികൾ ഫണ്ടില്ലാതെ പാളുന്നു
text_fieldsതിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി സംസ്ഥാനം നൽകേണ്ട വിഹിതം അനുവദിക്കാത്തതോടെ വന്യമൃഗശല്യം തടയാനുള്ള കേന്ദ്ര ഫണ്ട് ലാപ്സാകുന്നു. കാട്ടാനകൾ ഉൾപ്പെടെ വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്കിറങ്ങി ജനജീവിതം ദുസ്സഹമാക്കുന്ന സംഭവങ്ങൾ നിരന്തരം ആവർത്തിക്കുമ്പോഴാണ് ഈ അനാസ്ഥ.
കാടിറങ്ങുന്ന വന്യമൃഗങ്ങളെ പ്രതിരോധിക്കാനുള്ള സൗരോര്‍ജ വേലി, ആന പ്രതിരോധ കിടങ്ങ്, മൃഗങ്ങളെ സെൻസറിലൂടെ തിരിച്ചറിയാനുള്ള മെഷീൻ സ്ഥാപിക്കൽ എന്നിവ അടക്കമുള്ളവ നിര്‍മിക്കാനും വാങ്ങാനുമുള്ള കോടികളുടെ ഫണ്ടാണ് നഷ്ടമാകുന്നത്.
ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസത്തെ തുടര്‍ന്ന് വന്യമൃഗശല്യമുള്ള പ്രദേശങ്ങളില്‍ സൗരോര്‍ജ വേലി, സൗരോര്‍ജ തൂക്കുവേലി, ആനപ്രതിരോധകിടങ്ങ് തുടങ്ങിയവ നിര്‍മിക്കുന്ന പദ്ധതി അവതാളത്തിലാണ്. സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി നീക്കിവെച്ച തുക പോലും അനുവദിക്കാത്തതാണ് കേന്ദ്ര ഫണ്ട് ലാപ്സാകാൻ കാരണമാകുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനകം സംസ്ഥാനത്ത് 40.9 കിലോമീറ്റര്‍ ആന പ്രതിരോധ കിടങ്ങ് മാത്രമാണ് നിര്‍മിക്കാനായത്.
കേരളം കേന്ദ്രത്തിന് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 132 കിലോമീറ്റര്‍ പരിധിയിലെങ്കിലും ആന പ്രതിരോധ കിടങ്ങ് അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ മൂന്നിലൊന്നു പോലും പൂര്‍ത്തിയാക്കാനായില്ല.
കൂടാതെ 37.65 കിലോമീറ്റര്‍ സൗരോര്‍ജ തൂക്കുവേലിയും 609 കിലോമീറ്റര്‍ സൗരോര്‍ജ വേലിയും മാത്രമാണ് നിര്‍മിക്കാനായത്. 2022-23 സാമ്പത്തിക വര്‍ഷം 281 കോടി രൂപയാണ് സംസ്ഥാന ബജറ്റില്‍ വകയിരുത്തിയത്. എന്നാല്‍, 180 കോടി മാത്രമാണ് അനുവദിച്ചത്. ഇതിനാല്‍ കേന്ദ്ര ഫണ്ട് ഇനത്തില്‍ ലഭിക്കേണ്ട ഏതാണ്ട് 200 കോടിയിലേറെ രൂപ കഴിഞ്ഞ സാമ്പത്തികവര്‍ഷം അനുവദിച്ച് കിട്ടിയില്ല.
വന്യമൃഗശല്യം തടയുന്നതിനുള്ള പദ്ധതികള്‍ക്ക് 40 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തുമ്പോള്‍, കേന്ദ്ര വിഹിതമായി 60 ശതമാനം തുക ലഭിക്കും. മുന്‍ സാമ്പത്തിക വര്‍ഷങ്ങളിലും ഇത്തരത്തില്‍ സംസ്ഥാനം തുക വകയിരുത്താത്തതിനാല്‍ കേന്ദ്ര ഫണ്ട് നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.