കാട്ടാനയാക്രമണം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു
text_fieldsമലപ്പുറം: കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്തു. പി.വി. അൻവർ എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇത് വനം വകുപ്പ് നടത്തിയ കൊലപാതകമാണെന്ന് പി.വി അൻവർ വിമർശിച്ചു. കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് യുവാവ് രണ്ടര മണിക്കൂർ രക്തം വാർന്ന് കിടന്നു. ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികൾ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യ ജീവന് നൽകുന്നില്ലെന്നും എം.എൽ.എ പ്രതികരിച്ചു.
നിലമ്പൂര്‍ കരുളായി വനത്തിൽ കാട്ടാന ആക്രമണത്തിൽ മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നതെങ്കിലും രാത്രി 8.10ഓടെയാണ് കൂടെയുണ്ടായിരുന്നവര്‍ തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് മണിയുടെ സഹോദരൻ അയ്യപ്പൻ വിവരം അറിഞ്ഞത്.
മൊബൈൽ നെറ്റ് വര്‍ക്ക് ഇല്ലാത്തതും തിരിച്ചടിയായി. അയ്യപ്പൻ അപകട സ്ഥലത്തെത്തി മണിയെ ചുമന്നാണ് പുറത്തേക്ക് കൊണ്ടുവന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്റര്‍ ദൂരമാണ് ചുമന്നത്. വാഹന സൗകര്യമുള്ള സ്ഥലത്ത് എത്തിക്കാൻ വേണ്ടിയാണ് ചുമന്ന് കൊണ്ടുവന്നത്. കണ്ണക്കൈയിൽ എത്തിച്ചശേഷം അവിടെ നിന്ന് ജീപ്പിൽ കാടിന് പുറത്ത് എത്തിച്ചു.
ആശുപത്രിയിലേക്കുള്ള വഴിയെ ആണ് മണി മരിച്ചത്. നഷ്ടപരിഹാര തുകയായ പത്തു ലക്ഷം ഉടൻ നൽകുമെന്നും കൊടുംവനത്തിൽ വെച്ചാണ് അപകടമുണ്ടായതെന്നും മണിയുടെ ഇളയമകള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.