തോട്ടുമുക്കത്ത് പട്ടാപകൽ കാട്ടു പന്നി ആക്രമണം; റിട്ട. അധ്യാപികക്ക് ഗുരുതര പരിക്ക്
text_fieldsമുക്കം: മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നു. രാത്രി സമയങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പുറമെ പട്ടാപകൽ മനുഷ്യർക്ക് നേരെയും ആക്രമണം തുടരുകയാണ്. തോട്ടുമുക്കത്ത് ബുധനാഴ്ച രാവിലെയുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ റിട്ട. അധ്യാപികക്ക് ഗുരുതര പരിക്കേറ്റു.
നടുവത്താനിയിൽ ക്രിസ്റ്റീനക്കാണ് (74) വലതു കൈക്ക് ഗുരുതരമായി പരിക്കേറ്റത്. തോട്ടുമുക്കം ഗവ. യു.പി സ്കൂളിനും സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിനും ഇടയിൽ വെച്ചാണ് ആക്രമണമുണ്ടായത്. വീടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ പെട്ടെന്ന് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. കൈയിന്‍റെ എല്ലു പൊട്ടി പുറത്തുവന്ന നിലയിലാണ്.
സ്കൂൾ കുട്ടികളുടെ ഇടയിലേക്കും കാട്ടുപന്നി ഓടിക്കയറി. പരിക്കേറ്റ ക്രിസ്റ്റീനയെ ഉടനെ നാട്ടുകാർ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് ശസ്ത്രക്രിയവേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. തോട്ടുമുക്കം പ്രദേശത്ത് കാട്ടു പന്നി ശല്യം രൂക്ഷമാണെന്നും കൃഷി സ്ഥലത്തും വീട്ടുമുറ്റത്തും ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.