കാട്ടുപന്നിയിറച്ചിയും വാഹനങ്ങളും പിടികൂടി; വന്യമൃഗ വേട്ടക്കാർ രക്ഷപെട്ടു
text_fieldsഅടിമാലി: കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വിൽക്കാൻ ശ്രമിക്കുന്നതിനിടെ വനപാലകരുടെ വലയിലായ പ്രതികൾ രക്ഷപെട്ടു . 109 കിലോ കാട്ടുപന്നി ഇറച്ചിയും മൂന്ന് വാഹനങ്ങളും വനപാലകർ പിടികൂടി.
അടിമാലി കാഞ്ഞിരംകവല ഭാഗത്ത് ആനച്ചാൽ സ്വദേശി രമണൻ എന്നയാൾ വാടകക്ക് താമസിക്കുന്ന വീടിന്റെ പരിസരത്ത് നിന്നാണ് അടിമാലി റേഞ്ച് ഓഫീസർ കെ.വി.രതീഷിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കാട്ടുപന്നിയിറച്ചി പിടികൂടിയത്. രമണൻ വന്യമൃഗങ്ങളെ വേട്ടയാടുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണെന്ന് വനം വകുപ്പിന് സൂചന ലഭിച്ചിരുന്നു.
തുടർന്ന് രമണനെ നിരീക്ഷിച്ച് വരുന്നതിനിടെ ഒട്ടോയിൽ വേട്ടയാടിയ പന്നി ഇറച്ചിയുമായി വീട്ടിലെത്തിയപ്പോഴാണ് വനപാലകർ എത്തിയത്. വനപാലകരെ കണ്ടതോടെ രമണനും കൂടെ ഉണ്ടായിരുന്ന വരും ഓടി രക്ഷപെട്ടു. ഇറച്ചി കൊണ്ട് വന്ന ഓട്ടോറിക്ഷ, രണ്ട് ബൈക്ക്, പന്നിയെ കെണിവയ്ക്കുന്ന കുടുക്ക് ഇലക്ട്രിക്ക് ഉപകാരണങ്ങളും പിടിച്ചെടുത്തു.
രണ്ടിലേറെ പന്നികളെ വേട്ടയാടിയതായി സംശയിക്കുന്നതായും പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായും വനപാലകർ അറിയിച്ചു. പനംകുട്ടി ഫോറെസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാരായ എ.വി.വിനോദ് ബാബു,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അജിത്ത്, ജിജുകുര്യൻ, സബിൻ, ശ്രീജിത്ത് എന്നിവരും റെയ്ഡിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.