കാട്ടുപന്നികളെ വെടിവെക്കൽ: പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകും -മന്ത്രി ശശീന്ദ്രൻ
text_fieldsകോഴിക്കോട്: കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തരവിടുന്നതിന് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകുന്നതിനുള്ള ശിപാർശ വരുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. ഇതുമായി ബന്ധപ്പട്ട് താമരശ്ശേരി ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലുമായി ചർച്ച നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ നടപടികളിൽ ബിഷപ് തൃപ്തി അറിയിച്ചിട്ടുണ്ട്. പഞ്ചായത്തീരാജ് നഗരപാലിക നിയമത്തിലെ വകുപ്പുകൾ പ്രകാരം, കാട്ടുപന്നികളെ വെടിവെക്കാൻ ഉത്തരവ് പുറപ്പെടുവിക്കാനുള്ള അധികാരം പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും നൽകണമെന്ന നിർദേശമാണ് കൊടുക്കുക. കാട്ടുപന്നി ശല്യം നേരിടാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന നിയമനിർമാണം സർക്കാറിന്റെ സജീവ പരിഗണനയിലുണ്ട്.
ഇതോടെ തദ്ദേശീയമായി തീരുമാനമെടുക്കാൻ സാധിക്കും. കാടിനെയും വന്യജീവികളെയും സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളെയും അവരുടെ സ്വത്ത്, കൃഷി എന്നിവയെയും സംരക്ഷിക്കുമെന്ന നിലപാടാണ് സർക്കാറിന്. കാട്ടുപന്നിയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലാനുളള അനുമതി തേടി സംസ്ഥാനം നൽകിയ അപേക്ഷയിൽ കേന്ദ്ര തീരുമാനം വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.