കോട്ടയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം
text_fieldsകോട്ടയം: കോട്ടയത്ത് കാട്ടുപോത്ത് ആക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ജില്ലാ കലക്ടർ. ധനസഹായത്തിന്റെ ആദ്യ ഗഡു നാളെ തന്നെ നൽകും. ഇനിയും കാട്ടുപോത്ത് ജനവാസ മേഖലയിൽ ഇറങ്ങുകയാണെങ്കിൽ വെടിവെക്കുമെന്നും കലകട്ർ വ്യക്തമാക്കി.
അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ എ.ഡി.എം, സി.എഫ്.ഒ, എം.പി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. കാട്ടുപോത്തിനെ കണ്ടെത്താൻ വേണ്ട നടപടികൾ സ്വീകരിക്കാനും വെടിവെക്കാനുമാണ് ജില്ലാ കലക്ടർ ഉത്തരവിട്ടത്.
രാവിലെ എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പുന്നത്തറയിൽ തോമസിന് (60) എന്നിവരാണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവം. വഴിയരികിലെ വീട്ടിൽ ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
തുടർന്ന് തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. കാലിന് ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് തോമസ് മരിച്ചത്.
ജനവാസമേഖലയിൽ കാട്ടുപോത്ത് ആക്രമണം നടത്തിയതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തിന്‍റെ ഭാഗമായി എരുമേലി-പമ്പ റോഡ് പ്രദേശവാസികൾ ഉപരോധിച്ചു. താൽകാലിക പരിഹാരമല്ലാതെ ശാശ്വത പരിഹാരമാണ് കാണേണ്ടതെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
കോട്ടയത്തിന് പിന്നാലെ കൊല്ലത്തുണ്ടായ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കുത്തേറ്റ് ആയൂർ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസും (64) മരിച്ചു. പ്രവാസിയായ സാമുവൽ കഴിഞ്ഞ ദിവസമാണ് ദുബൈയിൽ നിന്ന് നാട്ടിലെത്തിയത്. രാവിലെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്‍റെ ആക്രമണം. സാമുവലിനെ പിന്നിൽ നിന്നാണ് കാട്ടുപോത്ത് കുത്തിയത്.
ഗുരുതര പരിക്കേറ്റ സാമുവലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.