കാട്ടുപോത്ത് ആക്രമണം: അബ്രഹാമിന് നാടിന്റെ അന്ത്യാഞ്ജലി
text_fieldsകൂരാച്ചുണ്ട് (കോഴിക്കോട്): കാട്ടുപോത്ത് കൊലപ്പെടുത്തിയ കർഷകൻ കക്കയത്തെ പാലയാട്ടിൽ അബ്രഹാമിന് നാടിന്റെ യാത്രാമൊഴി. കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചക്ക് രണ്ടു മണിയോടെ കൂരാച്ചുണ്ടിൽ എത്തിച്ച മൃതദേഹം നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് കക്കയത്തെ വീട്ടിലെത്തിച്ചത്.
രണ്ടു ദിവസമായി അബ്രഹാമിനുവേണ്ടി ഒരുക്കിവെച്ച കട്ടിലിൽ അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം കിടത്തുമ്പോൾ ഭാര്യ തെയ്യാമ്മയുടെയും മക്കളുടെയും കൂട്ടക്കരച്ചിൽ ആരുടെയും കരളലിയിക്കുന്നതായിരുന്നു. ഭാര്യയുടെയും മക്കളുടെയും അന്ത്യചുംബനം ഏറ്റുവാങ്ങിയശേഷം അബ്രഹാമിന്റെ മൃതദേഹം കക്കയം സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിലെ പാരിഷ് ഹാളിൽ എത്തിച്ചു.
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടി മണ്ണിൽ പൊന്നുവിളയിച്ച കർഷകനെ അവസാന നോക്കു കാണാൻ നാട് ഒഴുകിയെത്തിയിരുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചേകാലോടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി. താമരശ്ശേരി രൂപത ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നേതൃത്വം നൽകി. പ്രതിഷേധം നേരിടാൻ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. അഞ്ചു മണിയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണമെന്ന കർഷകരുടെ ആവശ്യം രാത്രി 9.30ന് കലക്ടറേറ്റിൽ നടന്ന നാലാംവട്ട ചർച്ചയിൽ അംഗീകരിച്ചതോടെയാണ് പ്രതിഷേധക്കാർ അയഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.