കലി തീരാതെ പി.ടി ഏഴാമൻ കാട്ട് കൊമ്പൻ, ആധി മൂത്ത് ജനങ്ങൾ, കൂട്ടിലാക്കാൻ ദൗത്യസംഘം
text_fieldsഅകത്തേത്തറ: നാട്ടിലിറങ്ങി ഭീതി പരത്തുകയും പരാക്രമങ്ങൾ കാട്ടുകയും ചെയ്യുന്ന പി.ടി ഏഴാമൻകാട്ട് കൊമ്പൻ്റെ സഞ്ചാരം ജനവാസ മേഖലയിൽ തന്നെ പതിവായതോടെ വനം വകുപ്പു ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പെടാപ്പാടിന് ഒട്ടും അറുതിയായില്ല. അക്രമാസക്തനായ പി.ടി ഏഴാമൻ്റെ കലി തീരുന്നില്ലെന്നതാണ് കൃഷി നാശത്തിൻ്റെ വ്യാപ്തി സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയും തിങ്കളാഴ്ച അർധരാത്രിയിലും പി.ടി ഏഴാമൻ ധോണിയിലെ നാട്ട് പാതകളിലൂടെ കറങ്ങി.
വീടുകളുടെ മുകളിലിരുന്ന് പടക്കം പൊട്ടിച്ചും ഉയർന്ന ക്ഷമതയുള്ള വൈദ്യുതി ടോർച്ച് തെളിച്ചുമാണ് നാട്ടുകാർ കാട്ട് കൊമ്പനെ അകറ്റിയത്. ധോണി സെൻ്റ് തോമസ് നഗറിലാണ് കാട്ട് കൊമ്പ ൻ രാത്രി ഇറങ്ങിയത്. ദ്രുത പ്രതികരണ സേന കാട്ടാന വരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ റോന്ത് ചുറ്റുന്നുണ്ട്. ആൾ പെരുമാറ്റം തിരിച്ചറിഞ്ഞാൽ ജനങ്ങൾക്ക് പരിചയമില്ലാത്ത കാട്ട് വഴി കളിലൂടെ കാട്ട് കൊമ്പനിറങ്ങുന്നത് ജനവാസ മേഖലയിലേക്കാണ്. ധോണി ജനവാസ മേഖലയും വനാതിർത്തിയും തമ്മിൽ അധികമൊന്നും ദൂരമില്ലാത്തതും കാട്ടാനകൾക്ക് ജനവാസ മേഖലയിൽ ഇറങ്ങുന്നതിന് എളുപ്പമാവുന്നു. ഒരു ഭാഗത്ത് ഇറങ്ങിയ കാട്ട് കൊമ്പനെ വിരട്ടിയാൽ തൊട്ടടുത്ത സ്ഥലത്ത് എത്തും. കാർഷിക വിളകൾ തിന്നും നശിപ്പിച്ചും തൊട്ടടുത്ത കാട്ടിൽ കയറി നിൽക്കും. ആളും ആരവവും ഒഴിഞ്ഞാൽ പി.ടി.ഏഴാമൻ മറ്റൊരു വഴിയിലൂടെ ഇറങ്ങും. ഇതാണ് രണ്ടാഴ്ചക്കാലമായി ധോണിയിലും പരിസര പ്രദേശങ്ങളിലുമുള്ള കാട്ട് കൊമ്പൻ്റെ രീതി.
തനിച്ചും കൂട്ടാനകളും ചേർന്ന് വിലസുന്ന കാട്ട് കൊമ്പൻ ഒറ്റക്കാണ് രണ്ട് ദിവസങ്ങളിലായി നാട്ടിലിറങ്ങിയത്. ചൊവ്വാഴ്ചയും കുങ്കിയാനകളെ ഉപയോഗിച്ചുള്ള പരിശോധനയും ദ്രുത പ്രതികരണ സേനയുടെ നിരീക്ഷണവും തുടർന്നു. വയനാട് നിന്ന് ചീഫ് വെറ്ററി നറി ഓഫീസർ ഡോ.അരുൺ സക്കറിയയും 20 അംഗ എലഫൻ്റ് സ്ക്വാഡും ബുധനാഴ്ച വൈകീട്ട് ധോണിയിലെത്തും.തുടർന്ന് പി.ടി.ഏഴാമനെ മയക്ക് വെടിവെച്ച് പിടികൂടുന്നതിന് കാട്ട് കൊമ്പൻ്റെ നീക്കങ്ങൾ നിരീക്ഷിച്ച് വിശകലനം ചെയ്യും. പിടികൂടൽ ദൗത്യത്തിൻ്റെ രൂപരേഖ ഉരുത്തിരിയുന്നതോടെ ദൗത്യം പൂർത്തിയാക്കുന്ന പ്രവർത്തനം ആരംഭിക്കുമെന്ന് അസിസ്റ്റൻ്റ് വനം കൺസർവേറ്റർ ബി.രഞ്ജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.