പി.ടി ഏഴാമനെ പൂട്ടുന്ന ദൗത്യത്തിന് വെള്ളിയാഴ്ച രൂപം നൽകും: കാട്ടാനക്കൂട്ടം വീട്ടുവളപ്പിൽ
text_fieldsഅകത്തേത്തറ: പി.ടി ഏഴാമൻകാട്ട് കൊമ്പനെ മയക്ക് വെടിവെച്ച് പിടികൂടുന്ന പ്രവർത്തനങ്ങൾക്ക് ദൗത്യസംഘം വെള്ളിയാഴ്ച രൂപം നൽകും. ധോണിയിലെ ക്രമീകരണങ്ങൾ വ്യാഴാഴ്ച നടന്ന വനം ഡിവിഷൻ ഓഫീസർ പങ്കെടുത്ത യോഗം അവലോകനം ചെയ്തു. മൂന്നാഴ്ച മുമ്പ് ആരംഭിച്ച പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് പിടികൂടുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനുള്ള കൂടിയാലോചനകൾ വെള്ളിയാഴ്ച നടക്കും. പി.ടി ഏഴ്കാട്ട് കൊമ്പൻ്റെ സഞ്ചാരവഴികൾ സന്ദർശിച്ചു പഠിച്ചു വിശകലനം ചെയ്തു ദൗത്യം സുഗമമാക്കാനും സുരക്ഷിതമായി കൂട്ടിലാക്കാനും രൂപരേഖക്ക് വെള്ളിയാഴ്ചയോടെ ഏകദേശ ധാരണയാവും. ഒരാഴ്ച മുമ്പാണ് ധോണിയിൽ കാട്ട് കൊമ്പനെ മെരുക്കാനുള്ള കൂടൊരുങ്ങിയത്.
വയനാട് പി.എം.രണ്ട്, ബത്തേരിയിലെ കടുവ എന്നിവയുടെ പിടികൂടുന്ന ദൗത്യവും വയനാട് മുത്തങ്ങയിൽ നിന്നെത്തിയ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺ സക്കറിയക്കും എലഫൻ്റ് സ്ക്വാഡിനും നിർവ്വഹിക്കാനുണ്ടായ പശ്ചാത്തലമാണ് പി.ടി ഏഴാമനെ വരുതിയിലാക്കാനുള്ള ദൗത്യം വൈകാനിടയായത്. ധോണി ജനവാസ മേഖലയും പി.ടി ഏഴാമനടക്കമുള്ള കാട്ടാനകൾ വിഹരിക്കുന്ന വനമേഖലയും 100 മീറ്റർ മുതൽ രണ്ട് കിലോമീറ്റർ വരെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് കാട്ടാന വിലസുന്നതും കൃഷിയും വിലപിടിപ്പുള്ള സ്ഥാപന ജംഗമവസ്തുക്കളും നശിപ്പിക്കുന്നതും.
വയനാട് ദൗത്യം പൂർത്തിയാക്കി മടങ്ങിയെത്തിയ ദൗത്യസംഘവും വെള്ളിയാഴ്ച മുതൽ കാട്ടാനകളെ അകറ്റാനും പി.ടി ഏഴാമനെ പിടികൂടാനുള്ള പ്രവർത്തനങ്ങളിൽ മുഴുകും. ഡോ. അരുൺ സക്കറിയയും ദൗത്യസംഘത്തിലെ രണ്ടാമത് ടീം വ്യാഴാഴ്ച രാത്രി ധോണിയിലെത്തും. വെള്ളിയാഴ്ച ചീഫ് വെറ്ററിനറി ഡോ. അരുൺ സക്കറിയയും പി.ടി ഏഴാമനെ പിന്തുടർന്ന് ദൗത്യത്തിനുള്ള സാധ്യതകൾ പഠിക്കും. തുടർന്നാണ് ദൗത്യത്തിന് രൂപം നൽകുക. മയക്ക് വെടിവെച്ചാൽ കാട്ട് കൊമ്പൻ ഓടാൻ സാധ്യതയുള്ളതിനാൽ ഉൾക്കാട്ടിൽ നിന്ന് മാറി സുരക്ഷിത സ്ഥാനത്ത് എത്തിച്ച് വേണം മയക്ക് വെടിവെയ്ക്കാൻ.
നിലവിൽ ഭരതൻ, വിക്രം എന്നീ കുങ്കിയാനകളാണ് ധോണിയിലുള്ളത്. മുത്തങ്ങയിലെ സുരേന്ദ്രൻ എന്ന കുങ്കിയാനയെ കൂടി സ്ഥലത്ത് എത്തിക്കുന്നതിന് ദൗത്യസംഘം ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിക്കുന്നതോടെ മൂന്നാമനെയും എത്തിക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. അതേ സമയം, അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ചേറാട് ഇല്ലം ഡോ.മോഹൻകുമാറിൻ്റെ വീടിൻ്റെ ചുറ്റുമതിൽ കാട്ടാനക്കൂട്ടം തകർത്തു. വളപ്പിലെ ഫല വൃക്ഷങ്ങളും പിഴുതിട്ടു. തെങ്ങ് ,വാഴ എന്നിവ ഉൾപ്പെടെയുള്ള വിളകളും നശിപ്പിച്ചു. മൂന്ന് കാട്ടാനകൾ വീട്ടുവളപ്പിൽ പ്രവേശിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായി. വ്യാഴാഴ്ച പുലർച്ചെയാവാം കാട്ടാനകൾ എത്തിയതെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
വീട്ടിൽ ആരുമുണ്ടാവാത്തതിനാൽ ആളപായം ഒഴിവായ ആശ്വാസത്തിലാണ് നാട്. വീടിൻ്റെ നാല് വശത്തുള്ള മതിലും കാട്ടാനകൾ കുത്തിമറിച്ചിട്ട നിലയിലാണ് കാണപ്പെട്ടത്. അകത്തേത്തറ മൈത്രി നഗർ ചൊക്കിനിപ്പാടം എസ്.ടി കോളനി എന്നിവിടങ്ങളിൽ രാത്രി കാലങ്ങളിൽ കാട്ടാനകൾ ഒരു മാസക്കാലമായി പതിവായി എത്തുന്നുണ്ട്. പത്ത് വർഷക്കാലത്തിനിടയിൽ ഈ മേഖലയിൽ ഏഴ് പേരുടെ ജീവനാണ് കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. ധോണിയിലെ ശിവരാമൻ കൊല്ലപ്പെട്ടതോടെയാണ് പി.ടി ഏഴാമൻ്റെ സാന്നിധ്യവും കാട്ടാനകളുടെ കൂട്ടത്തോടെയുള്ള വരവും വനാതിർത്തി പ്രദേശങ്ങളിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.