കാട്ടാനയുടെ ആക്രമണം; മരിച്ച മിനിയുടെ ആശ്രിതര്‍ക്കുള്ള സാമ്പത്തിക സഹായം ലഭ്യമാക്കാൻ നടപടി
text_fieldsഎടക്കര: കഴിഞ്ഞ മാസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മേപ്പാടി പരപ്പന്‍പാറ ആദിവാസി കോളനിയിലെ മിനിയുടെ ആശ്രിതര്‍ക്കുള്ള സാമ്പത്തിക സഹായം നല്‍കാനുള്ള നടപടി സ്വീകരിച്ചതായി ജില്ല ആന്‍ഡ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ. സനില്‍ കുമാര്‍ പറഞ്ഞു. കഴിഞ്ഞ മാസം മലപ്പുറം-വയനാട് ജില്ല അതിര്‍ത്തിയിലെ ഉള്‍വനത്തിലുള്ള പരപ്പന്‍പാറ ആദിവാസി കോളനിയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച മിനിയുടെ മക്കളോടും ബന്ധുക്കളോടുമാണ് ജില്ല ജഡ്ജി സനില്‍ കുമാര്‍ കുമ്പളപ്പാറയിലെത്തി ഇക്കാര്യം അറിയിച്ചത്.
മിനിയുടെ അഞ്ചു മക്കളില്‍ മൂന്നുപേര്‍ക്കുള്ള ആധാര്‍ കാര്‍ഡ് ശരിയാക്കി കോളനിയിലെത്തി കുട്ടികളെ ഏല്‍പ്പിച്ചാണ് ഇക്കാര്യം വിശദമാക്കിയത്. മരിച്ച മിനിക്കും മക്കള്‍ക്കും ആധാര്‍ കാര്ഡില്ലെന്നറിഞ്ഞാണ് അവ ശരിയാക്കാനുള്ള നടപടികള്‍ ജില്ല ലീഗല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയത്. തുടര്‍ന്ന് അവ ചൊവ്വാഴ്ച കോളനിയിലെത്തി ജില്ല ജഡ്ജി വിതരണം ചെയ്യുകയും ചെയ്തു.
കഴിഞ്ഞ 30നാണ് മിനി പരപ്പന്‍പാറ കോളനിയിലെ വീടിനടുത്ത് വെച്ച് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മിനിയുടെ ഭര്‍ത്താവ് സുരേഷ് ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് ജില്ല ജഡ്ജി കൂടുതല്‍ വിവരശേഖരണം നടത്തിയപ്പോഴാണ് ഇവര്‍ക്ക് ആധാര്‍ കാര്‍ഡുള്‍പ്പെടെ യാതൊരു രേഖകളും ഇല്ലെന്നറിഞ്ഞത്. അതനുസരിച്ചാണ് ചൊവ്വാഴ്ച ഉച്ചയോടെ കുമ്പളപ്പാറ കോളനിയിലെത്തിയത്. മേഖലയിലെ നൂറിലേറെ ആദിവാസികള്‍ക്ക് നിലവില്‍ യാതൊരുവിധ തിരിച്ചറിയല്‍ രേഖകളും ഇല്ലെന്നറിഞ്ഞ ജഡ്ജി അടിയന്തരമായി പ്രത്യേക അദാലത്ത് സംഘടിപ്പിച്ച് ആധാര്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമുൾപ്പെടെ നല്‍കാനുള്ള ക്രമീകരണം നടത്താന്‍ നിർദേശിച്ചു. മരിച്ച മിനിക്കും കുട്ടികള്‍ക്കും ആധാര്‍ കാര്‍ഡില്ലാത്തതിനാല്‍ ആശ്രിതര്‍ക്കുള്ള സാമ്പത്തിക സഹായം നല്കാന് കഴിഞ്ഞിരുന്നില്ല.
ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം. ഷാബിര്‍ ഇബ്രാഹീം, നിലമ്പൂര്‍ അതിവേഗ സ്പെഷല്‍ കോടതി ജഡ്ജും നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി ചെയര്‍മാനുമായ കെ.പി. ജോയി, നിലമ്പൂര്‍ ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍ ഇസ്മായില്‍, പഞ്ചായത്തംഗം തങ്ക കൃഷ്ണന്, പോത്തുകൽ പൊലീസ് ഇൻസ്പെക്ടർ വി.എം. ശ്രീകുമാര്‍, എസ്.ഐ പി. മോഹന്‍ദാസ്, പാരാലീഗല്‍ ജീവനക്കാര്‍, വളന്റിയര്‍മാര്‍, ട്രൈബര്‍ പ്രമോട്ടര്‍മാര്‍, വനം ഉദ്യോഗസ്ഥര്‍ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.