കാട്ടാന ആക്രമണം: അലന്റെ മാതാവ് ഗുരുതര നിലയിൽ തുടരുന്നു
text_fieldsമുണ്ടൂർ: മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അലന്റെ മൃതദേഹം ചൊവ്വാഴ്ച രാവിലെ 8.30ന് വീട്ടിലെത്തിക്കും. പൊതുദർശനശേഷം ഉച്ചക്ക് ഒരു മണിയോടെ മയിലുംപുള്ളി ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. ഒപ്പമുണ്ടായിരുന്ന മാതാവ് വിജി പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ചെവി മുറിഞ്ഞതിനാൽ പ്ലാസ്റ്റിക് സർജറിക്കായാണ് തൃശൂരിലേക്ക് മാറ്റിയത്. തോളെല്ലിനും പരിക്കുണ്ടെങ്കിലും അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
സ്പൈനൽ കോഡിന് പരിക്കേറ്റതിനാൽ നടക്കാൻ വിദഗ്ധ ചികിത്സ ആവശ്യമായി വരും. മുണ്ടൂരിലും പരിസരങ്ങളിലും ഒരാഴ്ചയായി തമ്പടിച്ച അതേ കാട്ടാനക്കൂട്ടത്തിനു മുന്നിലാണ് അലനും അമ്മ വിജിയും കഴിഞ്ഞ ദിവസം രാത്രി അകപ്പെട്ടത്.
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുംവഴി കണ്ണാടിച്ചോലക്കു സമീപമായിരുന്നു സംഭവം. മുന്നിൽപെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാൽകൊണ്ട് തൊഴിച്ചു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു. പരിക്കേറ്റ വിജി കൈയിലുണ്ടായിരുന്ന ഫോണിൽ വിവരമറിയിച്ചതോടെയാണ് നാട്ടുകാരെത്തിയത്. സാരമായി പരിക്കേറ്റ അലൻ ആശുപത്രിയിലേക്കെത്തുംമുമ്പേ മരിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.