കാട്ടാനക്കലിയടങ്ങാതെ അട്ടപ്പാടി; വീണ്ടും മരണം
text_fieldsകാട്ടാന ആക്രമണത്തിന് ഇരയായ കാളിയെ ആശുപത്രിയിലേക്ക് മാറ്റുന്നു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ സ്ത്രീ കൊല്ലപ്പെട്ടു. പുതൂര്‍ സ്വര്‍ണഗദ്ധ ഊരിലെ കാളിയാണ് മരിച്ചത്. ഇന്ന് രാവിലെ വനത്തില്‍ വിറക് ശേഖരിക്കാൻ പോയതായിരുന്നു കാളി. ഇതിനിടെയാണ് ഇവരെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തില്‍ ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുമ്പിക്കൈ കൊണ്ട് ആന കാളിയെ അടിച്ചു വീഴ്ത്തുകയായിരുന്നു. നെഞ്ചില്‍ ചവിട്ടിയതാണ് മരണത്തിന് ഇടയാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് പരിക്കേറ്റ കാളിയെ വനത്തില്‍ നിന്നും കോട്ടത്തറ ആശുപത്രിയിലേക്ക് എത്തിച്ചത്. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മറ്റ് നടപടികള്‍ക്കായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.
കാട്ടാന ആക്രമണത്തില്‍ സംസ്ഥാനത്ത് നാല് ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ മരണമാണ് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വയനാട് മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഊരിലെ അറുമുഖന്‍ (67) കാട്ടാന ആക്രമണത്തില്‍ മരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു അറുമുഖനെ ഊരിലേക്കുള്ള മണ്‍പാതയില്‍ വച്ചു കാട്ടാന കൊലപ്പെടുത്തിയത്. മേപ്പാടിയിലെ ഏലക്കടയിലെ ജോലിക്കു ശേഷം വീട്ടിലേക്കു മടങ്ങുംവഴിയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.