കുടുംബനാഥനെ ആന ചവിട്ടിക്കൊന്നു, കുടുംബം നീതിക്കായി കേഴുന്നു
text_fieldsഇരിട്ടി: രണ്ട് വർഷം മുമ്പ് ഭാര്യയുമൊത്ത് ബുള്ളറ്റ് ബൈക്കിൽ പള്ളിയിലേക്ക് പോയതായിരുന്നു പായംപണയിലെ മേലേ വെരിങ്കരി ചെങ്ങഴശ്ശേരി ജസ്റ്റിൻ എന്ന 38കാരൻ. പെരിങ്കരി റോഡിൽ അപ്രതീക്ഷിതമായി ഓടിയടുത്ത കൊമ്പനാന അന്ന് ജസ്റ്റിന്റെ ജീവനെടുത്തപ്പോൾ തനിച്ചായിപ്പോയത് ഒരു കുടുംബമാണ്. എന്നാൽ, അവരെ കൈപിടിച്ചുയർത്താൻ രണ്ട് വർഷം കഴിഞ്ഞിട്ടും അധികൃതരാരും രംഗത്ത് വന്നില്ല.
ജസ്റ്റിനൊപ്പം ബുള്ളറ്റ് ബൈക്കിൽ യാത്രചെയ്തിരുന്ന ഭാര്യ അൽഫോൻസക്കും അന്ന് ആനയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. തലനാരിഴ വ്യത്യാസത്തിൽ രക്ഷപ്പെട്ട അൽഫോൻസക്ക് അന്ന് വാഗ്ദാനം നൽകിയ ജോലി ലഭിക്കാൻ മുട്ടാത്ത വാതിലുകളില്ല. എല്ലായിടത്തും ഹരജികൾ നൽകിയിട്ടും വിധവ എന്ന പരിഗണന പോലും ലഭിച്ചില്ല. അൽഫോൻസ ഇന്ന് ഉളിക്കല്ലിലെ ചിട്ടിക്കമ്പനിയിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുകയാണ്.
ജസ്റ്റിൻ മരിക്കുമ്പോൾ മൂത്തമകൻ ജുവാന് ഏഴും ജുവൽ ട്രീസക്ക് മൂന്ന് വയസ്സും മാത്രമായിരുന്നു പ്രായം. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അൽഫോൻസക്ക് ചികിത്സ ഇനത്തിൽ മൂന്നര ലക്ഷം ചെലവായിട്ടും ചികിത്സ സഹായ ഇനത്തിൽ വനം വകുപ്പ് നൽകിയത് ഒരു ലക്ഷം രൂപ മാത്രമായിരുന്നു.
കൂടുതൽ നൽകാൻ വകുപ്പില്ലെന്നാണ് അധികാരികളുടെ മറുപടിയെന്ന് അൽഫോൻസ പറയുന്നു. നേഴ്സ് ആയ അൽഫോൻസക്ക് ജോലി നൽകുമെന്ന് സ്ഥലം സന്ദർശിച്ച പ്രമുഖർ പലരും വാഗ്ദാനം നൽകിയിരുന്നുവെങ്കിലും ഒന്നും നടപ്പായില്ല. വന്യ മൃഗങ്ങൾ കൊല്ലുന്നവരുടെ ആശ്രിതർക്ക് ജോലി നല്കാൻ വനം വകുപ്പിൽ ചട്ടങ്ങൾ ഇല്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്. കർണാടകയുടെ ബ്രഹ്മഗിരി വന്യ ജീവി കേന്ദ്രത്തിൽ നിന്നും ഇറങ്ങിയ ഒന്നരക്കൊമ്പനാണ് ജസ്റ്റിന്റെ ജീവനെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.