ആറളം ഫാമിൽ കർഷകർക്കും തൊഴിലാളികൾക്കും ദുരിതം വിതച്ച് കാട്ടാനക്കൂട്ടം
text_fieldsകേളകം: ആറളം ഫാമിൽ തമ്പടിച്ച കാട്ടാനക്കൂട്ടം കാർഷിക വിളകൾക്ക് മാത്രമല്ല തൊഴിൽ മേഖലയേയും പ്രതിസന്ധിയിലാക്കുന്നു. ഫാമിലെ തെങ്ങുകൾ ആനക്കൂട്ടം വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയതോടെ ഫാമിലെ തെങ്ങ് ചെത്ത് തൊഴിൽ മേഖല പ്രതിസന്ധിയിലായി. 130ലേറെ തൊഴിലാളികളുടെ ഉപജീവന മാർഗമാണ് ഇതോടെ സ്തംഭനാവസ്ഥയിലായത്.
കള്ളു ചെത്തുന്നതിനായി ഉയർന്ന പണം നൽകി പാട്ടത്തിനെടുത്ത തെങ്ങുകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. ഒരാഴ്ചക്കിടയിൽ ഫാമിലെ വിവിധ ബ്ലോക്കുകളിലായി 130 തെങ്ങുകളാണ് ആനക്കൂട്ടം കുത്തി വീഴ്ത്തിയത്. ഇതിൽ നല്ലൊരു പങ്കും തൊഴിലാളികൾ ചെത്താനായി പാട്ടത്തിനെടുത്തവയാണ്. പുലർച്ചെ ആനയെ ഭയന്നാണ് തൊഴിലാളികൾ ചെത്താനിറങ്ങുന്നത്. പല ദിവസങ്ങളിലും ചെത്താനായി കയറേണ്ട തെങ്ങിന് സമീപം ആനയെക്കണ്ട് ഭയന്നോടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ഒരു വർഷത്തിനുള്ളിൽ ആയിരത്തിലധികം തെങ്ങുകളാണ് ആനക്കൂട്ടം കുത്തിവീഴ്ത്തി നശിപ്പിച്ചത്. ശരാശരി ഒരു ദിവസം പത്തിലധികം തെങ്ങുകളാണ് ആനക്കൂട്ടം നശിപ്പിക്കുന്നത്.
ഫാമിൽ ആയിരം തെങ്ങുകളാണ് തൊഴിലാളികൾ ചെത്താനായി പാട്ടത്തിനെടുത്തത്. ഫാമിലെ ഒന്ന്, മൂന്ന് ബ്ലോക്കുകളിലാണ് ചെത്ത് തെങ്ങ് കൂടുതലുള്ളത്. ഇവിടങ്ങളിൽ കുരങ്ങുശല്യം രൂക്ഷമായതിനാൽ തെങ്ങിൽനിന്ന് ആദായമൊന്നും ലഭിക്കാതായതോടെയാണ് തെങ്ങുകൾ ചെത്താനായി നൽകിയത്. നേരത്തെ തേങ്ങ ഉത്പാദനത്തിന്റെ മൂന്നിലൊന്നും ഇവിടങ്ങളിൽ നിന്നാണ് ലഭിച്ചിരുന്നത്. കുരങ്ങുശല്യം രൂക്ഷമായതോടെ മച്ചിങ്ങപോലും അവശേഷിക്കാത്ത സാഹചര്യമായിരുന്നു.
ഒന്നാം ബ്ലോക്കിൽ 750 തെങ്ങും മൂന്നാം ബ്ലോക്കിൽ 250 തെങ്ങുമാണ് പാട്ടത്തിന് നൽകിയത്. തെങ്ങൊന്നിന് 415 രൂപ നിരക്കിൽ ഫാമിന് നൽകണം. കൂടാതെ 250 തെങ്ങിന് ഒരു ലക്ഷം രൂപ നിരക്കിൽ സെക്യൂരിറ്റിയും നൽകണം. ഇത്തരത്തിൽ എടുത്ത തെങ്ങുകളാണ് വ്യാപകമായി നശിപ്പിക്കപ്പെടുന്നത്. കാട്ടാന നശിപ്പിച്ച തെങ്ങുകൾക്ക് നഷ്ടപരിഹാരവും ലഭിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.