വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു
text_fieldsമേപ്പാടി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. പരപ്പന്‍പാറ ആദിവാസി കോളനിയിലെ സുരേഷിന്റെ ഭാര്യ മിനിയാണ് (37) നിലമ്പൂര്‍ വനമേഖലയില്‍ മരിച്ചത്. സുരേഷിന് ഗുരുതരമായി പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെയാണ് സംഭവം. റിപ്പണ്‍ കാടശ്ശേരിയില്നിന്ന് 15 കിലോമീറ്റര്‍ അകലെ ചാലിയാറിനടുത്ത ചോലനായ്ക്ക കോളനിക്ക് സമീപത്തെ നിലമ്പൂർ ഉൾവനത്തില്‍ തേന്‍ ശേഖരിക്കാന്‍ പോയ സുരേഷിനെയും മിനിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിനി തല്‍ക്ഷണം മരിച്ചു. പരിക്കേറ്റ സുരേഷിനെ ആദ്യം നിലമ്പൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. വനാന്തര്‍ഭാഗത്തെ കോളനിയായതിനാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് സുരേഷിനെ ചാലിയാറിലൂടെ ചുമന്ന് ദുര്‍ഘടമായ മലമ്പാതകള്‍ താണ്ടി പുറത്തെത്തിച്ചത്.
നിലമ്പൂരില്‍നിന്നും മേപ്പാടിയില്‍നിന്നും രണ്ട് സംഘങ്ങളായി വനം-പൊലീസ് ഉദ്യോഗസ്ഥർ കോളനിയില്‍ എത്തിയിരുന്നു. പുഴ കടന്നും വന്യമൃഗങ്ങൾ വിഹരിക്കുന്ന കാട്ടിലൂടെ കിലോമീറ്ററുകൾ താണ്ടിയുമാണ് മിനിയുടെ മൃതദേഹം കുമ്പളപ്പാറ വാണിയമ്പുഴ ആദിവാസി കോളനി വഴി നിലമ്പൂർ പോത്തുകല്ലിലെ ഇരുട്ടുകുത്തിയിലെത്തിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.