പ്ലാക്കയത്ത് കാട്ടാന ആക്രമണം, ചിന്നക്കനാലിൽ പുലി നായയെ കൊന്നു, കൊളുക്ക് മലയിൽ കടുവ; ജനം ഭീതിയിൽ
text_fieldsപ്ലാക്കയത്ത് കാട്ടാന ആക്രമണത്തിൽ കേടുപറ്റിയ പുതിയപറമ്പിൽ ഉണ്ണിയുടെ ഓട്ടോറിക്ഷ, കൊളുക്കുമലയിൽ കണ്ട കടുവ
അടിമാലി: അടിമാലി പഞ്ചായത്തിലെ പ്ലാക്കയത്ത് കാട്ടാന ഓട്ടോറിക്ഷ ആക്രമിച്ചു. ചിന്നക്കനാലിൽ പുലി വളർത്ത് നായയെ കൊന്ന് തിന്നു. കൊളുക്ക് മലയിൽ വനാതിർത്തിയിൽ കടുവയെ കൂടി കണ്ടതോടെ മേഖലയിലെ ജനം ഭീതിയിലാണ് കഴിയുന്നത്.
ഇരുമ്പുപാലം പടിക്കപ്പ് - കട്ടമുടി റോഡിൽ വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കാട്ടാന ഓട്ടോയ്ക്ക് നേരെ ചിന്നം മുഴക്കി ചീറിയടുത്തത്. രോഗിയായ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. ഓട്ടോയിൽ സഞ്ചരിച്ചവർ ഇറങ്ങി ഓടി രക്ഷപെട്ടു. രൗദ്രഭാവത്തിൽ എത്തിയ കാട്ടാന ഓട്ടോ കുത്തി മറിച്ചിടാൻ ശ്രമിച്ചു. ഓട്ടോയ്ക്ക് കേടുപാട് സംഭവിച്ചു. പുതിയപറമ്പിൽ ഉണ്ണിയുടെ ഓട്ടോയാണ്ആക്രമിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ചിന്നക്കനാൽ പഞ്ചായത്ത് ഓഫീസിന് മുകൾ ഭാഗത്താണ് പുലിയെ കണ്ടത്. മേരിക്കുട്ടിയുടെ വീടിന്‍റെ ഇറയത്ത് കിടന്നിരുന്ന വളർത്ത് നായയെ പിടിച്ച പുലി, വീടിന്‍റെ സമീപത്ത് തന്നെ ഇതിനെ കൊന്നുതിന്നു. ഏറെ നേരം കഴിഞ്ഞാണ് പുലി ഇവിടെ നിന്ന് പോയത്. ബഹളം വെച്ചിട്ടും കൂസാതെ നിൽക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
കൊളുക്കുമല ഭാഗത്ത് വനാതിർത്തിയിലാണ് കടുവയെ കണ്ടത്. മരച്ചുവട്ടിൽ വിശ്രമിക്കുന്ന നിലയിലായിരുന്നു കടുവ. മൂന്നാറിലും ചിന്നക്കനാലിലും പലയിടങ്ങളിലും കാട്ടാന ശല്യം തുടരുന്നതിനിടെയാണ് പുലിയും കടുവയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ആകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.