ഷോളയാറിൽ വാഹനങ്ങൾക്കു നേരെ കാട്ടാന ആക്രമണം
text_fieldsഅതിരപ്പിള്ളി: ഷോളയാറിൽ വിനോദ സഞ്ചാരികളുടെ കാറുകളും ബൈക്കും കാട്ടാന തകർത്തു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചക്ക് 2.30ഓടെ ആനക്കയം പാലത്തിന് സമീപമായിരുന്നു സംഭവം. കോതമംഗലം, കായംകുളം സ്വദേശികളുടെ വാഹനങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
അതിരപ്പിള്ളിയിൽനിന്ന് വാൽപ്പാറയിലേക്ക് പോവുകയായിരുന്നു ഇവർ. ആനക്കയം പാലത്തിനടുത്ത പുഴയോട് ചേർന്ന തുറന്ന സ്ഥലത്ത് കുട്ടിക്കൊപ്പം നിന്നിരുന്ന ആനയാണ് വാഹനങ്ങൾക്കു നേരെ പാഞ്ഞടുത്തത്. ആദ്യമെത്തിയ കാറിന്റെ ഹോൺ ശബ്ദം കേട്ടതാണ് പ്രകോപന കാരണം.
കാറിന്റെ ചില്ലിൽ ആന അടിച്ചെങ്കിലും ഇവർ നിർത്താതെ പോയി. പിന്നാലെ വന്ന കാർ ഇതുകണ്ട് നിർത്തിയിട്ടു. അതിനടുത്തേക്ക് പാഞ്ഞെത്തിയ ആന ഡ്രൈവറുടെ ഭാഗത്തെ ഡോറിൽ ചവിട്ടി. ഇതിനിടെയെത്തിയ സ്കൂട്ടർ യാത്രക്കാർ ആനയെ കണ്ട് വാഹനം താഴെയിട്ട് ഓടി രക്ഷപ്പെട്ടു. കലികയറിയ ആന ചവിട്ടി സ്കൂട്ടറിന്റെ മുൻവശം തകർത്തു. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി.
പരിഭ്രാന്തരായ യാത്രക്കാരെ പിന്നീട് കൊല്ലതിരുമേട് ഫോറസ്റ്റ് ഓഫിസിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.