ജീവനെടുത്ത് കാട്ടാന; പ്രതിഷേധം തെരുവിലേക്ക്
text_fieldsമാനന്തവാടി: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ പയ്യമ്പള്ളി ചാലിഗദ്ദ പനിച്ചിയില്‍ അജീഷ് കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധത്തിൽ പങ്കെടുത്തത് ആയിരങ്ങൾ. രാവിലെ അജീഷിനെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി ആശുപത്രി പരിസരത്തേക്ക് ജനം ഒഴുകിത്തുടങ്ങിയിരുന്നു. മെഡിക്കൽ കോളജ് ഗേറ്റിനു മുന്നിലും അത്യാഹിത വിഭാഗത്തിനു മുന്നിലും പ്രതിഷേധം അരങ്ങേറി. വിവിധ രാഷ്ടീയ സാമൂഹിക മത നേതാക്കളെല്ലാം ആശുപത്രി പരിസരത്ത് എത്തിയിരുന്നു.
ഒ.ആർ. കേളു എം.എൽ.എ നേരത്തേതന്നെ ആശുപത്രിയിലെത്തി. 11.20ഓടെ പ്രദേശവാസികൾ അത്യാഹിത വിഭാഗത്തിൽനിന്ന് മൃതദേഹം ബലമായി എടുത്തുകൊണ്ടുപോയതോടെയാണ് പ്രതിഷേധം കനത്തത്. തുടർന്ന് മൃതദേഹവുമായി നൂറുകണക്കിനാളുകൾ ഗാന്ധി പാർക്കിലേക്ക് നീങ്ങിയതോടെ മാനന്തവാടി നഗരം നിശ്ചലമായി. നഗരത്തിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കാനായില്ല.
അജീഷിന്റെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ തന്നെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം നഗരത്തിലേക്ക് നീങ്ങി റോഡ് ഉപരോധം ആരംഭിച്ചിരുന്നു. കാട്ടാനയെ വെടിവെച്ചു കൊല്ലുക, വനം ഉദ്യോഗസ്ഥർക്കെതിരെ നരഹത്യക്ക് കേസെടുക്കുക, അജീഷിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകുക, കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിച്ചു.
ഇക്കാര്യങ്ങളില്‍ ജില്ല കലക്ടര്‍ നേരിട്ടെത്തി ഉറപ്പുനല്‍കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. ഒ.ആര്. കേളു എം.എൽ.എയുടെയും ജില്ല പൊലീസ് മേധാവിയുടെയും വാഹനം നാട്ടുകാർ തടഞ്ഞു. 11.30ഓടെയാണ് സമരക്കാർക്കരികിലേക്ക് കലക്ടർ എത്തിയത്. വിഷയത്തിൽ ചർച്ച നടക്കുകയാണെന്നും തീരുമാനമാകുന്നതുവരെ ശാന്തരാകണമെന്നും കലക്ടർ അഭ്യർഥിച്ചെങ്കിലും പ്രതിഷേധക്കാർ ഗൗനിച്ചില്ല.
സമരകേന്ദ്രമായി സബ് കലക്ടര്‍ ഓഫിസ്
മാനന്തവാടി: കാട്ടാനയുടെ സാന്നിധ്യം തുടരുന്നതിനാല്‍ ശനിയാഴ്ച രാവിലെ 8.30ഓടെ മാനന്തവാടി നഗരസഭ പരിധിയിലെ കുറുക്കന്മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളില്‍ മാനന്തവാടി സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കൂടിയായ സബ് കലക്ടര്‍ മിഷാല്‍ സാഗർ ഭരത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. കലക്ടര്‍ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അടിയന്തരമായി എത്തണമെന്നാവശ്യപ്പെട്ട് മാനന്തവാടി പോസ്റ്റ് ഓഫിസ് കവല, കെടി കവല, വള്ളിയൂര്‍ക്കാവ് കവല, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളില്‍ രാവിലെ ഒമ്പതോടെ റോഡ് നാട്ടുകാര്‍ ഉപരോധം ആരംഭിച്ചു.
ഇതോടെ മാനന്തവാടി നഗരം അക്ഷരാർഥത്തില്‍ സ്തംഭിച്ചു. മാനന്തവാടി നഗരത്തിലെ വിവിധ റോഡുകളില്‍ വഴി തടഞ്ഞതിനോടൊപ്പം തന്നെ ആശുപത്രിയുടെ മുന്നിലും പ്രതിഷേധം ആരംഭിച്ചു. രാവിലെ 10.30ഓടെയാണ് ഇവിടെ പ്രതിഷേധം തുടങ്ങിയത്. 11ഓടെ പോസ്റ്റ് ഓഫിസ് കവലക്ക് സമീപമെത്തിയ ജില്ല പൊലീസ് മേധാവി ടി. നാരായണനെ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതോടെ പൊലീസുമായി സമരക്കാര്‍ ഉന്തും തള്ളുമുണ്ടായി. ഉന്നത ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ 11.20ഓടെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന അജീഷിന്റെ മൃതദേഹം ബലമായി തോളിലേറ്റി ഗാന്ധി പാര്‍ക്കിൽ എത്തിക്കുകയായിരുന്നു.
ഇതോടെ പ്രതിഷേധം കനത്തു. ചര്‍ച്ച നീണ്ടതിനെത്തുടർന്ന് ഉച്ചക്ക് 2.45ഓടെ ഗാന്ധി പാര്‍ക്കിലുണ്ടായിരുന്ന പ്രതിഷേധക്കാര്‍ സബ് കലക്ടര്‍ ഓഫിസിനു മുന്നിലേക്ക് അജീഷിന്റെ മൃതദേഹവും വഹിച്ച് പ്രകടനമായി എത്തി. ഇതോടെ പ്രതിഷേധം കൂടുതല്‍ രൂക്ഷമായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പൊലീസിനെയും റാപ്പിഡ് റെസ്പോൺസ് സംഘത്തെയും വിന്യസിച്ചു. ഇതിനിടയില്‍ പ്രതിഷേധക്കാര്‍ കരിങ്കൊടി കെട്ടിയ ഏഴോളം ട്രാക്ടറുകളും സബ് കലക്ടര്‍ ഓഫിസില്‍ എത്തിച്ചു.
ഉന്നത ഉദ്യോഗസ്ഥർ എത്താത്തത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി
മാനന്തവാടി: രാവിലെ 7.30ന് കാട്ടാന ആക്രമണത്തിനിരയായ അജീഷിനെ ഉടൻ തന്നെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ നീക്കം ആരംഭിച്ചിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥർ എത്തിയിട്ട് പോസ്റ്റ്മോർട്ടം ചെയ്താൽ മതിയെന്ന നിലപാട് നാട്ടുകാർ സ്വീകരിച്ചു.
ഇതോടെ മൂന്നു മണിക്കൂർ മൃതദേഹം അത്യാഹിത വിഭാഗത്തിൽ തന്നെ കിടന്നു. ജില്ല കലക്ടറോ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥരോ മണിക്കൂറുകൾ കഴിഞ്ഞിട്ടും അവിടെ എത്തിയില്ല. തുടർന്നാണ് മൃതദേഹം ബലമായി ആശുപത്രിയിൽനിന്ന് സമരക്കാർ എടുത്തുകൊണ്ടുപോയത്.
(റിപ്പോർട്ട്: എസ്. മൊയ്തു,അശോകൻ ഒഴക്കോടി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.