ധോണിയിലിറങ്ങിയ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു
text_fieldsപാലക്കാട്: പാലക്കാട് ധോണിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം പശുവിനെ കുത്തിക്കൊന്നു. കരുമത്താൻ പൊറ്റ സ്വദേശി ജിജോ തോമസിന്റെ പശുവിനെയാണ് കുത്തിക്കൊന്നത്.
ആനകൾ പശുവിനെ ആക്രമിക്കുന്നത് കണ്ട വീട്ടുകാർ ബഹളംവെച്ചപ്പോൾ ആനക്കൂട്ടം തിരികെ പോവുകയായിരുന്നു.
ഇന്നലെ രാത്രി എട്ടരയോടെയാണ് കാട്ടാനക്കൂട്ടം ധോണിയിലിറങ്ങിയത്. പാലക്കാട് ധോണിയിൽ വൈദ്യുതി വേലി തകർത്താണ് ആനകൾ കാടിറങ്ങിയത്. ഒരു കുട്ടിയാന ഉൾപ്പെടെ മൂന്ന് ആനകളാണ് രാത്രി എട്ടു മണിയോടെ കാടിറങ്ങിയത്. അവ സംഘം ചേർന്ന് പശുവിനെ ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ധോണി എന്ന പി.ടി. ഏഴാമൻ കാട്ടാനയെ കൂട്ടിലാക്കി രണ്ടാഴ്ച പിന്നിടുമ്പോഴാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ധോണി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കൂട്ടത്തിന്‍റെ പരാക്രമങ്ങൾ തുടരുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ നാല് വാർഡുകളിലാണ് കാട്ടാനകൂട്ടം സ്വതന്ത്ര സഞ്ചാരം തുടരുന്നത്.
അതേസമയം, ധോണി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് തടയാൻ ദ്രുത പ്രതികരണ സംഘത്തിന്‍റെ അംഗബലം കൂട്ടുമെന്ന് പാലക്കാട് ഡിവിഷൻ വനം വകുപ്പ് അറിയിച്ചിരുന്നു.
ഇടുക്കി ബി എൽ റാവിലും കാട്ടാന ആക്രമണമുണ്ടായി. ഒരു വീട് ഭാഗികമായി തകർന്നു. അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീടിന് നേരെയാണ് അരിക്കൊമ്പൻ എന്ന കാട്ടാന ആക്രമണം നടത്തിയത്. ഈ ആന സ്ഥിരമായി ഇവിടെ ആക്രമണം അഴിച്ചുവിടുന്നുണ്ട്. ആർക്കും പരിക്കില്ല. നാട്ടുകാരും ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തൊഴിലാളികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.