ആളെക്കൊല്ലി കാട്ടാന മാനിവയൽ വനത്തിൽ; ദൗത്യം അഞ്ചാം ദിവസത്തിലേക്ക്
text_fieldsമാനന്തവാടി: കൊലയാളി ആന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം അഞ്ചാം ദിവസത്തിലേക്ക്. നിലവിൽ ബേലൂര്‍ മഖ്‌ന എന്ന കാട്ടാന മാനിവയൽ വനത്തിലാണുള്ളത്. ബുധനാഴ്ച രാത്രിയോടെ ഇരുമ്പുപാലത്ത് നിന്ന് കാട്ടിക്കുളം-തോൽപ്പെട്ടി റോഡ് മുറിച്ചു കടന്നാണ് കാട്ടാന മാനിവയലിൽ എത്തിയത്.
ബേലൂര്‍ മഖ്‌നയെ കൂടാതെ രണ്ടാമത്തെ മോഴയാനയും സമാന്തരപാതയിലൂടെ നീങ്ങുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പനവല്ലി, മാനിവയൽ ഉൾപ്പെടെയുള്ള ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുന്നത് തടയാനായി കൂടുതൽ ഉദ്യോഗസ്ഥരെ വനം വകുപ്പ് പ്രദേശത്ത് വിന്യസിച്ചുണ്ട്.
ഇവർ ആനയെ നിരീക്ഷിച്ച് വരികയാണ്. തേക്കുമരങ്ങൾ നിറഞ്ഞ വനത്തിൽ നിന്ന് ആന നീങ്ങിയാൽ മാത്രമേ മയക്കുവെടിക്കാൻ സാധിക്കുകയുള്ളൂ. ഇതിനുള്ള കാത്തിരിപ്പിലാണ് പ്രത്യേക സംഘം.
ചൊവ്വാഴ്ച അർധരാത്രിയോടെ നാഗർഹോള വനമേഖലയിലേക്ക് നീങ്ങിയ കാട്ടാന ബുധനാഴ്ച രാവിലെയോടെ കേരള കർണാടക അതിർത്തിയായ ബാവലിയിൽ തിരികെ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രാവിലെ ആറു മണിയോടെ തന്നെ ദൗത്യസംഘം സിഗ്നൽ ലഭിച്ച സ്ഥലത്തേക്ക് നീങ്ങി.
തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ട് തവണ ആനയെ നേരിൽ കാണുകയും മയക്കുവെടി വെക്കാൻ തയാറെടുക്കുകയും ചെയ്തു. ആദ്യ തവണ ആന അതിവേഗം കാട്ടിലേക്ക് മറഞ്ഞതിനാൽ ശ്രമം വിജയിച്ചില്ല. രണ്ടാം തവണ വെടിവെക്കാൻ ശ്രമിച്ചെങ്കിലും കൂടെയുള്ള മോഴ ആന ദൗത്യസംഘത്തിനെതിരെ ചീറിയടുത്തു. തുടർന്ന് വെടിയുതിർത്ത് സംഘം രക്ഷപ്പെടുകയായിരുന്നു. ഇതോടെയാണ് മയക്കു വെടിവെക്കാനുള്ള ശ്രമം വിഫലമായത്.
നോർത്ത് വയനാട് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന, വയനാട് വൈൽഡ് ലൈഫ് വാർഡൻ പി. ദിനേഷ്, ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ ഇംത്യാസ്, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ് ഹരിലാൽ എന്നിവരാണ് ദൗത്യ സംഘത്തിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.