കോടനാട് കിണറ്റിൽ വീണ് പിടിയാന ചെരിഞ്ഞു; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsകൊച്ചി: കോടനാട് നെടുമ്പാറ താണിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് പിടിയാന ചെരിഞ്ഞു. ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു സംഭവം. എന്നാൽ ആന കിണറ്റിൽ വീണ് ചെരിഞ്ഞതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണ് പിടിയാന വീണത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആഴമുള്ള കിണറാണ് ഇത്. അഞ്ചു വയസ്സുള്ള കാട്ടാനയാണ് കിണറ്റിലകടപ്പെട്ടത്. കൃഷി നശിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നുള്ള തിരച്ചിലിനിടെയാണ് കിണറ്റിൽ പിടിയാനയെ കണ്ടത്. ഇതോടെ പ്രദേശത്തെ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. മലയാറ്റൂർ ഡി.എഫ്.ഒ സ്ഥലത്തെത്തി, വന്യമൃഗ ശല്യത്തിന് പരിഹാരം കാണുമെന്ന് ഉറപ്പുനൽകാതെ ആനയെ കരയ്ക്ക് കയറ്റാൻ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ വാദം.
അതിനിടെ ബെന്നി ബെഹനാന് എം.പി സംഭവ സ്ഥലത്ത് എത്തി. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇതു സംബന്ധിച്ച് ഉറപ്പു നൽകിയതിന് ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്. ഏറെ പരിശ്രമത്തിനൊടുവിൽ ജെ.സി.ബിയുടെ സഹായത്തോടെയാണ് ആനയുടെ ജഡം കിണറ്റിൽ നിന്ന് പുറത്തെടുത്തത്. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടനാകളെ തുരത്താൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കോടനാട്. ആന ശല്യത്തിന് പരിഹാരം തേടി ഇവിടുത്തുകാർ നേരത്തേയും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.