കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവം: വനപാലകർക്കെതിരെ ആരോപണ ശരം
text_fieldsമുണ്ടൂർ: പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ നൊച്ചിപ്പുള്ളിയിൽ പിടിയാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ സാമുഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ മൂന്ന് പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികളിലൊരാളുടെ ഭാര്യ ഗർഭിണിയായിരുന്നു. ഇവർ പ്രസവിച്ച കുഞ്ഞ് രണ്ടാം ദിവസം മരിച്ചു. ഈ പശ്ചാത്തലത്തിൽ നീല പോരാളികൾ എന്ന മുഖപുസ്തകപേജിൽ '' കാലം മാപ്പ് തരില്ല കൊലയാളികളെ... വിടരാൻ അനുവദിക്കാതെ വനം വകുപ്പ് ,തല്ലി കൊഴിച്ച പിഞ്ചു മാലാഖക്ക് ആദരാഞ്ജലികൾ" എന്ന തുടങ്ങുന്ന കുറിപ്പിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങൾ എഴുതി വിട്ടത്.
കൂടാതെ സ്വതന്ത്ര കർഷക സംഘടനയുടെ പേരിലുള്ള പേജിലും വനപാലകർക്കെതിരെ മോശമായ പരാമർശങ്ങളുണ്ട്. നിരവധി പേരുടെ അഭിപ്രായപ്രകടനത്തിലും വനപാലകർക്കെതിരെ അസഭ്യം ചൊരിഞ്ഞിട്ടുണ്ട്. കയ്യറ നൊച്ചിപ്പുള്ളിയിൽ ത്രീ ഫെയ്സ്പോസ്റ്റിൽ നിന്ന് 350 മീറ്റർ നീളത്തിൽ നൂൽ കമ്പി ഉപയോഗിച്ച് വന്യമൃഗങ്ങളെ വേട്ടയാടാൻ കെണി ഒരുക്കിയിരുന്നു.
എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും രണ്ട് ദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും വനപാലകർ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന ദുഷ്പ്രചരണങ്ങളെ കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ (കെ.എഫ്.പി.എസ്.എ) ജില്ല കമ്മിറ്റി അപലപിച്ചു.
സാമുഹിക മാധ്യമങ്ങളിലെ കുപ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.യോഗത്തിൽ ജില്ല പ്രസിഡണ്ട് സി.രാജേഷ് കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ശ്രീനിവാസൻ ,സംസ്ഥാന കമ്മറ്റി അംഗം കെ.സന്തോഷ് കുമാർ, ജില്ല സെക്രട്ടറി സുധിഷ് കുമാർ, ജില്ല ട്രഷറർ കെ.ഗിരീഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.