കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു; അന്വേഷണവുമായി വനം വകുപ്പ്
text_fieldsപുതുപ്പരിയാരം (പാലക്കാട്): ധോണി ഉൾക്കാട്ടിൽനിന്ന് ഇറങ്ങിയ പിടിയാന ജനവാസ മേഖലക്കടുത്ത് വയലിൽ ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ നൊച്ചിപ്പുള്ളി പാടത്താണ് ഷോക്കേറ്റ് ചെരിഞ്ഞനിലയിൽ 15 വയസ്സ് തോന്നിക്കുന്ന കാട്ടാനയെ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. പന്നിക്ക് വെച്ച വൈദ്യുതിക്കെണിയുടെ കമ്പിയിൽ തട്ടി ഷോക്കേറ്റാണ് മരണമെന്ന് സംഭവസ്ഥലം പരിശോധിച്ച പാലക്കാട് ഡി.എഫ്.ഒ ശ്രീനിവാസിന്‍റെ നേതൃത്വത്തിലെ വനപാലകസംഘം സ്ഥിരീകരിച്ചു.
വനം േറഞ്ച് ഓഫിസർ വി. വിവേക്, ദ്രുതപ്രതികരണ സേന ഡെപ്യൂട്ടി റേഞ്ച് ഓഫിസർ രജിത് ബാബു, മുണ്ടൂർ സെക്ഷൻ ഓഫിസർ കെ. സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്. സംഭവസ്ഥലത്തുനിന്ന് വൈദ്യുതിക്കെണിക്ക് ഉപയോഗിച്ച് കമ്പിയും കണ്ടെടുത്തു. നൊച്ചുപ്പുള്ളി സഹസ്രനാമന്‍റെ ഉടമസ്ഥതയിലുള്ള കൃഷിസ്ഥലം നൊച്ചിപ്പുള്ളി ചന്ദ്രനാണ് പാട്ടത്തിനെടുത്തിട്ടുള്ളതെന്ന് വനം വകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായി.
ജഡം ബുധനാഴ്ച ഉച്ചയോടെ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി വാളയാർ വനമേഖലയിലെത്തിച്ചു. തൃശൂരിൽ നിന്നെത്തിയ വെറ്ററിനറി സർജൻ ഡോ. ഡേവിഡ് പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകി. തുടർന്ന് സംസ്കരിച്ചു. കഴിഞ്ഞദിവസം മൂന്നംഗ കാട്ടാനക്കൂട്ടം കയ്യറ, നൊച്ചിപ്പുള്ളി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലെത്തി വിള നശിപ്പിച്ചിരുന്നു. ദ്രുതപ്രതികരണ സേന സ്ഥലത്തെത്തിയാണ് കാട്ടാനകളെ തുരത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.