കൂട്ടുകാർ കാവലൊരുക്കി; കാട്ടാനക്ക് നടുറോഡിൽ സുഖപ്രസവം
text_fieldsകേളകം (കണ്ണൂർ): ബുധനാഴ്ച രാത്രി ഒമ്പതര. ആറളം ഫാമിലെ കീഴ്പ്പള്ളി-പാലപ്പുഴ റോഡിന്റെ നിയന്ത്രണം കാട്ടാനക്കൂട്ടം ഏറ്റെടുത്തു. നടുറോഡിൽ കോട്ടകെട്ടി അവർ മനുഷ്യരുടെ വാഹനം തടഞ്ഞു. സഹജീവിയുടെ പേറ്റുനോവ് അറിഞ്ഞ കാട്ടാനകളാണ് കാനനപാതയുടെ നിയന്ത്രണം പൂർണമായി കൈയടക്കിയത്.
അവരുടെ കാവലിന്റെ സുരക്ഷയിൽ ആ കാട്ടാനയമ്മ അൽപസമയത്തിനകം നടുറോഡിൽ കുഞ്ഞിന് ജന്മം നൽകി; സുഖപ്രസവം. മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയെയും ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളിയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് കാട്ടാന കുഞ്ഞിന് ജന്മം നൽകിയത്.
ഫാമിലെ കാർഷിക നഴ്സറിക്ക് സമീപത്തെ റോഡിൽ നാല് കാട്ടാനകൾ തീർത്ത വലയത്തിനകത്തായിരുന്നു ആനപ്രസവം. ആനക്കുഞ്ഞിന് പതുക്കെ പിച്ചവെച്ച് ആറളം ഫാമിനകത്തേക്ക് കയറിപ്പോകാൻ കഴിയുന്നതുവരെ കാവൽക്കാർ കാത്തുതന്നെ നിന്നു. ഒന്നും രണ്ടുമല്ല, ആറു മണിക്കൂറോളം. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വിവരമറിഞ്ഞതോടെ അധികൃതർ കീഴ്പ്പള്ളി- പാലപ്പുഴ റോഡിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
വ്യാഴാഴ്ച പുലർച്ചയോടെ റോഡിൽനിന്ന് ആറളം ഫാമിനകത്തെ സുരക്ഷിതയിടത്തിലേക്ക് അമ്മയും കുഞ്ഞും മാറി. ഇവക്ക് സുരക്ഷയൊരുക്കി ആനകൾ സമീപത്തുതന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്നും കുട്ടിയാനക്ക് നന്നായി നടന്നുപോകാവുന്ന സാഹചര്യം ഉണ്ടാകുന്നതുവരെ ഇവ ഈ സുരക്ഷിത കേന്ദ്രത്തിൽതന്നെ തുടരുമെന്നും ഇവയെ നിരീക്ഷിക്കുമെന്നും വനം വകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശവാസികൾക്ക് അപകടം വരുത്താതിരിക്കാനും ആന സുരക്ഷിതമായി മാറുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്ഥലത്ത് വനംവകുപ്പ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. ആറളം ഫാം കാർഷികമേഖലയിൽ അറുപതോളം കാട്ടാനകൾ ഉണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.