മൂന്നാഴ്ചക്കിടെ കാട്ടാന കൊന്നത് മൂന്നുപേരെ
text_fieldsകൽപറ്റ: വയനാട്ടിൽ ഈ വർഷം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് പാക്കം സ്വദേശി പോൾ. മൂന്നാഴ്ചക്കിടെയാണ് മൂന്നു പേരുടെ ജീവനെടുത്തതും. കാട്ടാനയുടെ ആക്രമണത്തിൽ ജനുവരി 29നാണ് തോൽപെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ കാവൽക്കാരനായിരുന്ന ലക്ഷ്മണൻ കൊല്ലപ്പെട്ടത്. ലക്ഷ്മണനെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചപ്പോഴാണ് കാപ്പിത്തോട്ടത്തിൽ മൃതദേഹം കണ്ടെത്തിയത്. ഫെബ്രുവരി പത്തിനാണ് ചാലിഗദ്ദ പനച്ചിയിൽ അജീഷ് ബേലൂർ മഖ്നയെന്ന മോഴയാനയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. അജീഷിനെ കൊന്ന ആനയെ മയക്കുവെടിവെക്കാൻ വനംവകുപ്പിന്റെ ദൗത്യം ആറുദിവസം എത്തിയിട്ടും വിജയം കണ്ടിട്ടില്ല.
ഇതിനിടെയാണ് വീണ്ടും ഒരാൾ കൊല്ലപ്പെടുന്നത്. കുറുവ ദ്വീപിലെ വാച്ചറായ പോളിനെ വെള്ളിയാഴ്ച രാവിലെയാണ് കാട്ടാന ആക്രമിച്ചത്. ആഴ്ചകൾക്കു മുമ്പ് കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ ആന ആക്രമിച്ചിരുന്നു. പുല്പള്ളി പാക്കം കാരേരിക്കുന്ന് കോളനിയിലെ ശരത്തിനാണ് പരിക്കേറ്റത്. കുട്ടി ചികിത്സയിലാണ്. 2023 ജൂലൈ 23ന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പുൽപള്ളി പള്ളിച്ചിറ കോളനിയിലെ ബോളൻ മരിച്ചു. മാസങ്ങളോളമുള്ള ചികിത്സക്കൊടുവിൽ മരണത്തിന് കീഴടങ്ങിയത്.
സെപ്റ്റംബർ 12ന് വെള്ളമുണ്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനം വാച്ചര്‍ കൊല്ലപ്പെട്ടിരുന്നു. പുളിഞ്ഞാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചനാണ് (53) മരിച്ചത്. വിനോദ സഞ്ചാരികളുമായി പോകുമ്പോഴാണ് തങ്കച്ചനെ ആന ആക്രമിച്ചത്.
കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. 2023 സെപ്റ്റംബർ 30ന് പള്ളിച്ചിറയിൽനിന്നുണ്ടായ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ആനപ്പാറ കോളനിയിലെ കുള്ളൻ ചികിത്സയിലിരിക്കെ മരിച്ചു. നവംബർ നാലിന് മേപ്പാടി ഏലത്തോട്ടത്തിൽ പണിക്കുപോയ തൊഴിലാളി ചുളിക്ക എസ്റ്റേറ്റ് ചോലമല ഡിവിഷനിലെ കുഞ്ഞവറാൻ മുസ്ലിയാർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
2021 ജനുവരിയിൽ വയനാട്ടിലെ റിസോർട്ടിൽ വിനോദസഞ്ചാരിയായ കണ്ണൂർ സ്വദേശി കോളജ് അധ്യാപികയും ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പേരാമ്പ്ര ദാറുന്നുജൂം ആർട്സ് ആൻഡ് സയൻസ് കോളജിലെ സൈക്കോളജി വിഭാഗം മേധാവി ഷഹാനയാണ് (26) രാത്രി മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിലുണ്ടായ കാട്ടാനയാക്രമണത്തിൽ മരിച്ചത്.
അതേസമയം, പോളിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ ഏഴു മണിക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് പാക്കത്തേക്ക് കൊണ്ടുവരും. 9.30ഓടെ പാക്കത്തെത്തും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികൾ വെള്ളിയാഴ്ച രാത്രി മെഡിക്കൽ കോളജിൽ എത്തിയിരുന്നു.
പാക്കത്തേക്ക് ജനം ഒഴുകി; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ
പുൽപള്ളി: പോളിന്റെ മരണവാർത്ത അറിഞ്ഞതോടെ നാട്ടുകാർ പാക്കത്ത് സംഘടിച്ചെത്തി. പുൽപള്ളി-മാനന്തവാടി റൂട്ടിൽ പാക്കം ജങ്ഷനിൽ തന്നെയാണ് പോളിന്റെ വീട്. നിർധന കുടുംബാംഗമാണ്. വീട് സ്ഥിതിചെയ്യുന്ന 10 സെന്റ് ഭൂമി മാത്രമേ ഈ കുടുംബത്തിനുള്ളൂ. 12 വർഷത്തിലേറെയായി കുറുവ വനസംരക്ഷണ സമിതിയിൽ ജോലിക്കാരനാണ്. കാട്ടാനക്കൂട്ടത്തെ തുരത്തുന്ന ഡ്യൂട്ടിയടക്കം ഇവിടുത്തെ ജീവനക്കാരാണ് നിർവഹിക്കുന്നത്. മരണവിവരം അറിഞ്ഞയുടൻ നാട്ടുകാർ റോഡ് ഉപരോധിച്ചിരുന്നു.
പ്രതിഷേധ പ്രകടനത്തിൽ വിവിധ രാഷ്ട്രീയ പാർട്ടിക്കാരടക്കം പങ്കെടുത്തു. വനപാലകരെത്തിയാൽ തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പിലെ ആരും ഈ ഭാഗത്തേക്ക് എത്തിയില്ല. അതേസമയം, പോസ്റ്റ്മോർട്ടത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോളിന്റെ മൃതദേഹം പാക്കത്ത് എത്തുമ്പോൾ വനംവകുപ്പിനെതിരെ ശക്തമായ പ്രതിഷേധമുയർത്താൻ ഒരുങ്ങുകയാണ് നാട്ടുകാർ.
നിർധന കുടുംബത്തിലെ അംഗമായ പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം, കുടുംബാംഗങ്ങൾക്ക് ജോലി എന്നീ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും നാട്ടുകാരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഞെട്ടലിൽനിന്ന് മാറാതെ കുടുംബം
പുൽപള്ളി: 10 സെന്റിൽ താഴെ മാത്രം ഭൂമിയുള്ള പോളിന്റെ കുടുംബത്തിന്റെ ഏക വരുമാനം താൽക്കാലികമായി ലഭിച്ച കുറുവ ദ്വീപിലെ വനം വകുപ്പിലെ വാച്ചർ ജോലിയായിരുന്നു. ഈ വരുമാനംകൊണ്ട് മാത്രം കഴിഞ്ഞ കുടുംബത്തിന് മുന്നിൽ ഇനി എങ്ങനെ ജീവിക്കുമെന്ന ചോദ്യം ബാക്കിയാവുകയാണ്. പോളിന്റെ ഭാര്യ ഹൃദയസംബന്ധമായ അസുഖത്തിൽ ഓപറേഷന് വിധേയമാകാൻ കാത്തിരിക്കുകയാണ്. പത്താം ക്ലാസിൽ പഠിക്കുന്ന മകളുടെ പരീക്ഷ കഴിഞ്ഞാൽ ശസ്ത്രക്രിയക്ക് പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് പോളിന്റെ ജീവൻ കാട്ടാന തട്ടിയെടുക്കുന്നത്.
പോളിന് ചികിത്സ; വിശദീകരണവുമായി വയനാട് മെഡിക്കൽ കോളജ്
മാനന്തവാടി: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് മരണപ്പെട്ട പോളിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി മാനന്തവാടി മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ വാർത്തക്കുറിപ്പ്. രാവിലെ 9.40ഓടെയാണ് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ രക്തസമ്മർദം, ഓക്സിജന്റെ അളവ് എന്നിവ വളരെ കുറവാണെന്നും വാരിയെല്ലുകൾ പൊട്ടിയ നിലയിലാണെന്നും മനസ്സിലാക്കിയതിനെ തുടർന്ന് അടിയന്തര സ്കാനിങ്ങിന് വിധേയമാക്കി.
ശ്വാസകോശത്തിൽ വായു, രക്തം എന്നിവ കെട്ടിനിൽക്കുന്നതായി കണ്ടെത്തി. ഉടൻ ഡ്യൂട്ടിയിലുണ്ടായിരുന്ന സർജൻമാർ ഇന്റേണൽ ഡ്രെയിനേജ് ട്യൂബ് നെഞ്ചിനകത്തേക്ക് ഓപറേറ്റ് ചെയ്ത് ഇട്ടു. കെട്ടിക്കിടന്ന രക്തം, വായു എന്നിവ നീക്കം ചെയ്യുകയും ചെയ്തു. പക്ഷേ, ഇത് ചെയ്തിട്ടും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായില്ല. അനസ്തേഷ്യ, സർജറി, ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാർ പരിശോധന നടത്തുകയും ആന്തരികാവയവങ്ങളിൽനിന്ന് രക്തസ്രാവമുണ്ടോയോന്ന് പരിശോധിക്കുന്നതിന് എമർജൻസി സി.ടി സ്കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു.
ശ്വാസകോശത്തിലെ പരിക്ക് സാരമായതിനാൽ ഡോക്ടർമാർ കൂടിയാലോചിച്ച് രോഗിയെ കൂടുതൽ സൗകര്യങ്ങളുള്ള കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നുവെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
പരിഹാരം വേണം
കൽപറ്റ: വയനാട്ടിൽ വന്യജീവിശല്യം വർധിക്കുമ്പോൾ ശാസ്ത്രീയ പരിഹാര നടപടികൾ വേണമെന്ന് വിദഗ്ധർ. ഓരോ വന്യജീവി വിഭാഗത്തിന്റെയും സ്വഭാവം, വാസസ്ഥലത്തിൽ വരുന്ന മാറ്റങ്ങൾ എന്നിവ സൂക്ഷ്മപഠനത്തിന് വിധേയമാക്കണം. മനുഷ്യ-വന്യജീവി സംഘർഷത്തെക്കുറിച്ച ശാസ്ത്രീയ പഠനങ്ങളും കുറവായതിനാൽ പരിഹാരവും സങ്കീർണമാണ്.
ഗവേഷണങ്ങൾ നടത്തി ലഭിക്കുന്ന വിവരങ്ങൾ മുൻനിർത്തി വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ പരിഹാരം രൂപപ്പെടുത്തണം. കാടും നാടും വേർതിരിക്കാൻ വേലിയും കിടങ്ങുകളുമെല്ലാം സ്ഥാപിച്ച് ആനയെ തടഞ്ഞാലും കടുവയെയും കുരങ്ങിനെയുമെല്ലാം തുരത്താൻ പര്യാപ്തമാകണമെന്നില്ല. അതേസമയം, ഈ മാർഗങ്ങൾ അവലംബിക്കാതിരിക്കുന്നതും നാട്ടിൽ വന്യജീവിശല്യം വർധിക്കാൻ ഇടയാക്കും. വന്യജീവികളുടെ എണ്ണം കുറക്കാൻ വിദേശ രാജ്യങ്ങളിൽ അനുവർത്തിക്കുന്നതുപോലെയുള്ള കള്ളിങ് എല്ലാ മൃഗങ്ങളിലും നടപ്പാക്കാനുമാവില്ലെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. പ്രകൃതിയുടെ സന്തുലനം നിലനിർത്തുന്നതിൽ ഓരോ ജീവിക്കും പങ്കുണ്ട്.
അതിനാൽ വന്യജീവികളുടെ നാശം കാടിനെയും ഇല്ലാതാക്കുമെന്നത് മാത്രമല്ല, അത് മനുഷ്യരുടെ നിലനിൽപിനെയും ബാധിക്കും. കാടിന്റെ, കാട്ടുമൃഗങ്ങളുടെ നിലനിൽപിനെ ആശ്രയിച്ചാണ് മനുഷ്യന്റെയും ജീവിതം എന്ന ബോധം എല്ലാവരിലും ഉണ്ടാകേണ്ടതുണ്ട്.
അതേസമയം, മൃഗങ്ങളുടെ ആഹാരം മനുഷ്യരാവുന്ന അവസ്ഥ ഒരുനിലക്കും അനുവദിക്കാനുമാവില്ല. പ്രകൃതിസംരക്ഷണവും മനുഷ്യസുരക്ഷയും ഒരേസമയം പ്രാവർത്തികമാക്കേണ്ട ദൗത്യമായി മാറണം. അതിനുള്ള വഴികൾ സർക്കാർതലത്തിൽ തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്. അതിലുണ്ടാകുന്ന കാലതാമസം മനുഷ്യരുടെ ജീവൻ അപകടനിഴലിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.