തിരുവോണനാളിൽ പേരാമ്പ്രയിൽ ഭീതിപരത്തിയ കാട്ടാന കാടുകയറി
text_fieldsപേരാമ്പ്ര: തിരുവോണ നാളിൽ പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും ഭീതിപരത്തിയ കാട്ടാന വൈകീട്ടോടെ കാടുകയറി. പെരുവണ്ണാമൂഴി വനമേഖലയിൽനിന്ന് കുവ്വപ്പൊയിൽ ആവടുക്ക, താനിക്കണ്ടി, പൈതോത്ത് പള്ളി താഴെ, പേരാമ്പ്ര മിനി ബൈപാസ് എന്നിവിടങ്ങളിലാണ് ആനയെത്തിയത്. ആന തിരുവോണ ദിവസം പുലർച്ച 4.30ന് താനിക്കണ്ടി പാലത്തിനടുത്തുള്ള മദ്റസയിലെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
പുലർച്ച അഞ്ചോടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് പള്ളിത്താഴ ഭാഗത്ത് ആനയെ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പെരുവണ്ണാമൂഴിയിൽനിന്ന് വനപാലകരും പേരാമ്പ്ര പൊലീസും സ്ഥലത്തെത്തി. ആനയിറങ്ങിയ വിവരം സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു.
ഇതോടെ പല ഭാഗത്തുനിന്നും നാട്ടുകാർ ആനയെ കാണാൻ കുതിച്ചെത്തി. ഇത് പൊലീസിനെയും വനപാലകരെയും കുഴക്കി. ആന സഞ്ചരിച്ച റോഡുകൾ അധികൃതർ അടച്ചു. ഡി.എഫ്.ഒ ആഷിക്കിന്റെ നേതൃത്വത്തിൽ വനപാലകരും പേരാമ്പ്ര സി.ഐ ജംഷിദിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ഫോറസ്റ്റ് ആർ.ആർ.ടി സംഘവും എന്തും നേരിടാൻ സജ്ജരായി നിന്നു.
പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും മറ്റും ജനവാസ മേഖലയിലേക്ക് ആന പ്രവേശിക്കാതെ അധികൃതർ നോക്കി. ആനക്ക് തടസ്സങ്ങൾ ഇല്ലാതെ മടങ്ങാൻ വനംവകുപ്പ് വഴിയൊരുക്കി. ഒടുവിൽ പട്ടാണിപ്പാറ ഭാഗത്തേക്ക് നീങ്ങിയ കാട്ടാന പുഴ കടന്ന് കാട്ടിലേക്ക് പോയി. ഏഴു മണിക്കൂറോളം നാടിനെ മുൾമുനയിൽ നിർത്തിയ കാട്ടാന ആളപായമുണ്ടാക്കുകയോ വലിയ നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്യാതെ കാടുകയറിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.