മലയിറങ്ങുന്ന ഭീതി
text_fieldsപാലക്കാട്: ജില്ലയുടെ വനാതിർത്തികളിൽ മനുഷ്യ-വന്യജീവി സംഘർഷം അനുദിനം വർധിച്ചുവരികയാണ്. താളം തെറ്റിയ കാലാവസ്ഥക്കൊപ്പം കാടിറങ്ങുന്ന വന്യമൃഗങ്ങളും ചേരുമ്പോൾ കൃഷിയിടത്തിൽ വിളയുന്നത് നിരാശ മാത്രം. വനമേഖലകളിലെ മനുഷ്യരുടെ കടന്നുകയറ്റത്തിനൊപ്പം തകരാറിലായ ജൈവസന്തുലനവും ഒട്ടൊന്നുമല്ല പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുന്നത്.
വേട്ടക്കാരായ മൃഗങ്ങളുടെ എണ്ണം കുറഞ്ഞതിനൊപ്പം വന്യജീവികളുടെ വേഗത്തിലുള്ള പ്രജനനവും കൂടിയായതോടെ കർഷകർ ശരിക്കും വെട്ടിലായി. ജില്ലയിൽ കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷികമേഖലകളിലെല്ലാം തന്നെ വന്യമൃഗശല്യം രൂക്ഷമാണ്.
പ്രതിസന്ധിയിലായ കർഷകരിൽ പലരും കൃഷി തന്നെ ഉപേക്ഷിച്ചു. വനമേഖലകൾ സുരക്ഷിതവേലികെട്ടി സംരക്ഷിക്കുക മാത്രമാണ് പോംവഴിയെന്ന് അലനല്ലൂർ എടത്തനാട്ടുകര സ്വദേശി ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു.
കാട്ടാനയെന്ന ഭീതി
വനാതിർത്തിയിലെ ഭക്ഷ്യകൃഷി വർധിച്ചതോടെ ആനയടക്കം മൃഗങ്ങൾ നാട്ടിലിറങ്ങുന്നത് പതിവാണ്. മലമ്പുഴയിലും മംഗലം ഡാമിലെ കുഞ്ചിയാർപ്പതി, പപ്പടപ്പാറ, പോത്തൻതോട്, തിപ്പിലിക്കയം, കല്ലടിക്കോടിന്റെ ഉൾപ്രദേശങ്ങൾ, അലനല്ലൂർ, അട്ടപ്പാടിയുടെ മലയോര മേഖലകൾ എന്നിവിടങ്ങളിൽ ആനശല്യം രൂക്ഷമാണ്.
ഇതിൽ മംഗലം ഡാം മേഖലയിൽ മാത്രം ആറുമാസത്തിനിടെ കാട്ടാനകൾ നശിപ്പിച്ചത് 500 ഏക്കറിലധികം കൃഷിയാണ്. ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിൽ ആനക്കലിയിൽ പൊലിഞ്ഞത് ഇരുപതോളം ജീവനുകളാണ്. ഇതിൽ ഏറ്റവും കൂടുതലും പുതുശ്ശേരി പഞ്ചായത്തിനു കീഴിൽ വരുന്ന കഞ്ചിക്കോട്, വാളയാർ വന മേഖലക്കു കീഴിൽ വരുന്ന പ്രദേശങ്ങളിലാണ്.
2014 മുതൽ 2021 വരെയുള്ള കാലയളവിൽ ആനക്കലിയിൽ പൊലിഞ്ഞ സ്ത്രീകളടക്കമുള്ള 11 പേരിൽ രണ്ടു വനംവകുപ്പ് വാച്ചർമാരും ഉൾപ്പെടുന്നുണ്ട്. 2019 ഡിസംബറിലാണ് കഞ്ചിക്കോട് വലിയേരിക്കു സമീപം വനംവകുപ്പ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെങ്കിൽ അന്നം തേടിയുള്ള യാത്രകളാണ് പലർക്കും അന്ത്യയാത്രയായി മാറുന്നത്.
പുതുശ്ശേരിയുടെ ആനപ്പേടി
അട്ടപ്പാടിയുടെ പഞ്ചായത്തുകളും അലനല്ലൂരിനും ഒപ്പം ജില്ലയിൽ തന്നെ ആനകൾ കാടിറങ്ങുന്നതിൽ ഭീതി നുരക്കുന്ന പഞ്ചായത്തുകളിലൊന്നാണ് പുതുശ്ശേരി. വേനോലി മുതൽ വാളയാർ അതിർത്തി വരെയുള്ള മേഖലയിൽ കാട്ടാനകളുടെ ആക്രമണത്തിൽ ജീവതും സ്വത്തിനും ഭീഷണി നേരിടുന്നവരേറെയാണ്.
വനമേഖലകളിൽ നിന്നും തീറ്റയും വെള്ളവും തേടി റെയിൽവേ ട്രാക്കുകൾ മുറിച്ചു കടന്നെത്തുന്ന ആനകൾ പലപ്പോഴും ദേശീയ പാതയും കടന്നെത്തും. വലിയേരി വനത്തിൽ വിറകു ശേഖരിക്കാൻ പോയ വീട്ടമ്മകാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2021 മെയ് 25 നാണ്. 10 സംഘമായി പോയവരിൽ വലിയേരി പനങ്കാട് സുബ്രമണ്യന്റെ ഭാര്യ അനാദേവി (58) യാണ് കൊമ്പൻറെ കലിയിൽ ഇല്ലാതായത്.
പുതുശ്ശേരി, കഞ്ചിക്കോട്, വാളയാർ മേഖലകളിലെ കുടുംബങ്ങൾ പലരും വനത്തിൽ വിറകു ശേഖരിക്കാൻ പോവുന്നത് പതിവാണെങ്കിലും പലരും തലനാരിഴക്ക് രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. പാലക്കാട് - കോയമ്പത്തൂർ റെയിൽപാതയിൽ ഒലവക്കോട് മുതൽ വാളയാർ വരെയുള്ള 22 കിലോമീറ്റർ റെയിൽപാതയിൽ എ.ബി ട്രാക്കുകൾ ആനകളുടെ സ്ഥിരം വിഹാരകേന്ദ്രമാണ്.
എങ്ങുമെത്താത്ത പ്രതിരോധം
സോളാർ തൂക്കുവേലികളും ഫ്ലാഷ് ലൈറ്റ്, അലാറം തുടങ്ങിയ നിരവധി മാർഗങ്ങൽ അവലംബിക്കുമെങ്കിലും ഒന്നും ഫലവത്താകാത്ത സ്ഥിതിയാണ്. മലമ്പുഴ, പുതുപ്പരിയാരം, ധോണി എന്നിവിടങ്ങളിൽ കാട്ടാനകൾ മനുഷ്യരെ കൊന്നതും അടുത്തകാലത്താണ്. സൗരോർജ വേലിക്കായി മലമ്പുഴ, പുതുശ്ശേരി പഞ്ചായത്തുകളിലായി കോടികളാണ് മുൻവർഷങ്ങളിൽ ചെലവിട്ടത്.
എന്തെങ്കിലും സംഭവിച്ചാൽ മാത്രം ദിവസങ്ങൾ നീളുന്ന ആളനക്കമൊഴിച്ചാൽ നാളുകൾ കഴിയുന്നതോടെ എല്ലാം പഴയപടിയാവും. ജനവാസമേഖലകളിൽ ഒറ്റക്കും കൂട്ടമായുമെത്തുന്ന കാട്ടാനകലെ വനപാലകരും പ്രദേശവാസികളുമെല്ലാം തുരത്തി വനത്തിലേക്കു കയറ്റിയയച്ചാലും വീണ്ടുമെത്തുന്ന സ്ഥിതിയാണ്. 2021-22 കാലയളവിൽ മാത്രം സംസ്ഥാനത്ത് ആനക്കലിയിൽ പൊലിഞ്ഞത് 35 ഓളം ജീവനുകളാണെങ്കിൽ 3349 പേർക്ക് കൃഷിനാശവും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംസ്ഥാനത്തു തന്നെ മനുഷ്യ - വന്യജീവി സംഘർഷം കുറഞ്ഞെന്ന് വനംവകുപ്പ് അവകാശപ്പെടുമ്പോഴും കഴിഞ്ഞ 10 വർഷത്തിനിടെ മാത്രം ജില്ലയിൽ ആനക്കലിയിൽ പൊലിഞ്ഞത് ഇരുപതോളം ജീവനുകളാണെന്ന് കണക്കുകൾ പറയുന്നു. അതിർത്തി ഗ്രാമങ്ങളിലെത്തുന്ന ആനകളടക്കം വന്യമൃഗങ്ങൾക്ക് കർഷകരുടെ ചെറുത്തുനിൽപ്പിൽ പരിക്കുപറ്റുന്നതും പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.