കൃഷിയിടത്തിൽ കാട്ടാന; വൻ നാശം
text_fieldsതിരുവമ്പാടി: പുല്ലൂരാംപാറ മേലേ പൊന്നാങ്കയത്ത് കാട്ടാന ആക്രമണം. കൃഷിയിടത്തിൽ വൻ നാശനഷ്ടമുണ്ടായി. തെങ്ങ്, കമുക് കൃഷികൾ കാട്ടാന നശിപ്പിച്ചു. ഗോപിനാഥൻ പുത്തൻപുരയുടെ കൃഷിയിടത്തിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. പ്രദേശത്ത് കഴിഞ്ഞ ദിവസം വളർത്തുനായ് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. മേലേ പൊന്നാങ്കയം കണ്ണന്താനം സജിയുടെ വളർത്തുനായാണ് ചത്തത്. കടുവയാണ് ആക്രമിച്ചതെന്ന് കർഷകർ പറയുന്നു. വർഷങ്ങളായി കാട്ടാന ആക്രമണം തുടരുന്ന പ്രദേശമാണ് മേലേ പൊന്നാങ്കയം. കൃഷിയിടങ്ങളിലെ നാശനഷ്ടം തുടർക്കഥയാണ് പ്രദേശത്ത്. കാട്ടാന ആക്രമണങ്ങളിൽനിന്ന് കൃഷിയിടങ്ങൾക്ക് സംരക്ഷണം നൽകാൻ ഫലപ്രദമായ നടപടികളൊന്നുമുണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. അർഹമായ നഷ്ടപരിഹാരംപോലും കർഷകർക്ക് ലഭിക്കുന്നില്ല. വിലത്തകർച്ചയും ഉൽപാദനക്കുറവും കാരണം പ്രതിസന്ധിയിലായ കർഷകരാണ് വന്യമൃഗ ആക്രമണങ്ങൾക്കും ഇരകളായി മാറുന്നത്. കാട്ടാന ആക്രമണമുണ്ടായ കൃഷിയിടങ്ങൾ കർഷക കോൺഗ്രസ് ജില്ല നേതാക്കൾ സന്ദർശിച്ചു. കൃഷിനാശമുണ്ടായ കർഷകർക്ക് ഉടൻ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് മെംബർ ബോസ് ജേക്കബ്, കർഷക കോൺഗ്രസ് ജില്ല വെസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു ചെമ്പനാനി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മനോജ് വാഴെപ്പറമ്പിൽ, കർഷക കോൺഗ്രസ് ജില്ല ഭാരവാഹികളായ ജുബിൻ മണ്ണുകുശുമ്പിൽ, ജിതിൻ പല്ലാട്ട്, ജോർജ് പാറെക്കുന്നത്ത്, ബേബിച്ചൻ കൊച്ച് വേലിക്കകത്ത്, സോണി മണ്ഡപത്തിൽ, ബൂത്ത് പ്രസിഡന്റ് പുരുഷൻ നെല്ലിമൂട്ടിൽ, ബിനു പുത്തംപുരയിൽ, ഗോപിനാഥൻ പുത്തംപുരയിൽ, സജി കണ്ണന്താനം, ജോയി മുരിങ്ങയിൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്.
കാർഷിക വിളനാശം; കൂടരഞ്ഞിയിൽ അഞ്ച് കാട്ടുപന്നികളെ കൊന്നു
കൂടരഞ്ഞി: കാർഷിക വിളകൾ നശിപ്പിച്ച അഞ്ച് കാട്ടുപന്നികളെ കൂടരഞ്ഞിയിൽ വെടിവെച്ചു കൊന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും സഹകരണത്തോടെയായിരുന്നു നടപടി. സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് കാട്ടുപന്നികളെ പ്രതിരോധിക്കാൻ അനുമതി നൽകിയ സാഹചര്യത്തിലാണ് കൂട്ടത്തോടെ വെടിവെക്കാനായത്. ജോസ് പുതിയേടത്ത്, സെബാസ്റ്റ്യൻ പുതുവേലിൽ, കുര്യൻ പാണ്ടപടത്തിൽ, ജേക്കബ് മംഗലത്തിൽ എന്നീ ഷൂട്ടർമാർ പരിശീലിപ്പിച്ച നായ്ക്കളുടെ സഹായത്തോടെയാണ് കാട്ടുപന്നികളെ വെടിവെച്ച് കൊന്നത്. സർക്കാറിന്റെ പുതിയ ഉത്തരവ് കർഷകർക്ക് സഹായകരമാകുമെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.