റേഡിയോ കോളർ പിടിപ്പിച്ച് വിടണമെന്ന് ഹൈകോടതി; അരിക്കൊമ്പനെ കൂട്ടിലടക്കേണ്ട
text_fieldsകൊച്ചി: ഇടുക്കി ചിന്നക്കനാലിലെ അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടി ആനക്കൂട്ടിലാക്കുന്നത് ഹൈകോടതി വിലക്കി. മദപ്പാടുള്ള ആന ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പ്രശ്നം അവസാനിക്കാത്തപക്ഷം മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളർ പിടിപ്പിച്ച് ഉൾവനത്തിലേക്ക് കയറ്റിവിടണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പ്രശ്നപരിഹാരം നിർദേശിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിക്കും രൂപം നൽകി. വിഷയം വീണ്ടും ഏപ്രിൽ അഞ്ചിന് പരിഗണിക്കാൻ മാറ്റി.
മയക്കുവെടിക്ക് പകരം ആനയെ ശാസ്ത്രീയ മാർഗങ്ങളുപയോഗിച്ച് ഉൾവനത്തിലേക്ക് കടത്തിവിടാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജികളും കക്ഷിചേരാൻ നൽകിയ ഹരജികളുമാണ് കോടതി പരിഗണിച്ചത്. കഴിഞ്ഞ ദിവസം രാത്രി അടിയന്തര സിറ്റിങ് നടത്തി ആനയെ മയക്കുവെടിവെച്ച് പിടികൂടുന്നത് കോടതി വിലക്കിയിരുന്നു. തിരുവനന്തപുരത്ത് ബ്രുണോ എന്ന നായെ തല്ലിക്കൊന്നതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് കോടതി ഈ വിഷയം പരിഗണനക്കെടുത്തത്. ആനയെ പിടികൂടുന്നതിന് അനുകൂലമായും പ്രതികൂലമായും രണ്ട് മണിക്കൂറോളം വാദം നീണ്ടു. പിടികൂടി ആനക്കൂട്ടിലേക്ക് മാറ്റുന്നതാണ് അഭികാമ്യമെന്ന് പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ഗംഗ സിങ് സത്യവാങ്മൂലവും നൽകി.
ആന നാശമുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണം നടത്തണമെന്ന് കോടതി നിർദേശിച്ചു. ഇതിനായി വനം ഉദ്യോഗസ്ഥരെയും കുങ്കി ആനകളെയും ചിന്നക്കനാലിൽതന്നെ നിലനിർത്തണം. എന്നിട്ടും പ്രശ്നം തുടരുകയാണെങ്കിൽ പിടികൂടി റേഡിയോ കോളർ പിടിപ്പിച്ച് വിട്ടാൽ എവിടെയുണ്ടെന്ന് കണ്ടെത്താൻ സഹായകരമാകുമെന്നാണ് കോടതിയുടെ നിരീക്ഷണം. റേഡിയോ കോളർ പിടിപ്പിക്കാൻ മാത്രം മയക്കുവെടി വെക്കാം.
പിടികൂടുന്നതിന് പകരം മറ്റ് മാർഗങ്ങളിലൂടെ പ്രശ്നം പരിഹരിക്കാനാകുമോയെന്ന് പഠിച്ച് റിപ്പോർട്ട് നൽകാനാണ് അഞ്ചംഗ സമിതി. ഫോറസ്റ്റ് ഹൈറേഞ്ച് സർക്കിൾ കോട്ടയം ചീഫ് കൺസർവേറ്റർ ആർ.എസ്. അരുൺ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആൻഡ് ഫീൽഡ് ഡയറക്ടർ ടൈഗർ പ്രോജക്ട് കോട്ടയം എച്ച്. പ്രമോദ്, ചീഫ് വെറ്ററിനേറിയനും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റുമായ ഡോ. എൻ.വി.കെ അഷറഫ്, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസ, അമിക്കസ് ക്യൂറി രമേശ് ബാബു എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങൾ. അരിക്കൊമ്പനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും മൂന്ന് ദിവസത്തിനകം സമിതിക്ക് കൈമാറണം. പ്രദേശവാസികളുടെ അഭിപ്രായവും വന്യമൃഗങ്ങളുടെ താൽപര്യവും കണക്കിലെടുത്താകണം റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
പ്രതിഷേധം ശക്തം; ദൗത്യം ആശയക്കുഴപ്പത്തിൽ
തൊടുപുഴ: അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാൻ വനം വകുപ്പ് സർവ സന്നാഹങ്ങളും പൂർത്തിയാക്കിയിരിക്കെ ജനങ്ങളുടെ പ്രതീക്ഷകൾ അട്ടിമറിച്ച് ഉടലെടുത്ത അനിശ്ചിതത്വത്തിൽ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ പ്രതിഷേധം ആളുന്നു. ദൗത്യത്തിന് സജ്ജമായ വനം വകു
പ്പിന്റെ പ്രത്യേക സംഘങ്ങളും ഇതോടെ ആശയക്കുഴപ്പത്തിലായി. ജില്ലയിലെ 13 പഞ്ചായത്തുകളിൽ വ്യാഴാഴ്ച നടക്കുന്ന ഹർത്താൽ വരാനിരിക്കുന്ന പ്രതിഷേധ പരമ്പരയുടെ തുടക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ആനയെ പിടികൂടി കോടനാട്ടേക്ക് മാറ്റുന്നത് തടഞ്ഞും റേഡിയോ കോളർ ഘടിപ്പിക്കാൻ മാത്രം മയക്കുവെടി വെക്കാമെന്നുമുള്ള കോടതിവിധി വന്നതിന് പിന്നാലെ ചിന്നക്കനാൽ, ശാന്തമ്പാറ വില്ലേജുകളിലെ സിമന്റുപാലം, സിംഗുകണ്ടം, പെരിയകനാൽ, പൂപ്പാറ എന്നിവിടങ്ങളിൽ ബുധനാഴ്ച വൈകീട്ടോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങി. കത്തിച്ചുപിടിച്ച പന്തങ്ങളും തങ്ങളുടെ ജീവന് വില കൽപ്പിക്കാത്തവർക്കെതിരായ പ്രതിഷേധ മുദ്രാവാക്യങ്ങളും ഉയർത്തിയാണ് സ്ത്രീകളും കുട്ടികളുമടക്കം സമരത്തിൽ പങ്കുചേർന്നത്. അരിക്കൊമ്പനെ പിടിച്ചുമാറ്റാതെ കുങ്കിയാനകളെ തിരിച്ചുകൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിഷേധക്കാർ. ആനയെ പിടികൂടണമെന്ന ആവശ്യത്തിൽനിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. റോഡ് ഉപരോധിച്ച പ്രതിഷേധക്കാർ വനം വകുപ്പ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്തു.
കുങ്കി ആനകൾ നിൽക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധം നീങ്ങിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. കൊച്ചി-ധനുഷ്കോടി ദേശീയപാത നാട്ടുകാർ ഉപരോധിച്ചു. പെരിയകനാലിൽ സി.പി.എം പ്രവർത്തകരും റോഡ് ഉപരോധവുമായി രംഗത്തെത്തി.
ദിവസങ്ങൾ നീണ്ട ആസൂത്രണത്തിലൂടെ അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടാൻ പഴുതടച്ച മുന്നൊരുക്കമാണ് ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഇതിനകം പൂർത്തിയാക്കിയത്. കോടതിവിധി അനുകൂലമായാൽ വ്യാഴാഴ്ച പുലർച്ച നാലിന് ദൗത്യം ആരംഭിക്കാനായിരുന്നു തീരുമാനം
71 പേരെ ഉൾപ്പെടുത്തി ഒമ്പത് സംഘങ്ങൾ രൂപവത്കരിക്കുകയും പിടികൂടുന്ന ആനയെ കോടനാട്ടേക്ക് കൊണ്ടുപോകുന്നതിനുള്ള വാഹനം വരെ സജ്ജമാക്കുകയും കോടനാട് ലക്ഷങ്ങൾ മുടക്കി പ്രത്യേക കൂട് നിർമിക്കുകയും ചെയ്തിരുന്നു. രണ്ട് ദിവസങ്ങളായി ദൗത്യ മേഖലയായ ചിന്നക്കനാൽ സിമൻറ് പാലത്തിന് സമീപത്തെ അരിക്കൊമ്പന്റെ സാന്നിധ്യം ദൗത്യം വിജയകരമായി പൂർത്തിയാക്കാമെന്ന ആത്മവിശ്വാസവും സംഘത്തിന് നൽകി. ഇതിനിടെയാണ് ആനയെ പിടികൂടി സ്ഥലത്തുനിന്ന് മാറ്റുന്നതിനെതിരായ കോടതി നിർദേശം. നാട്ടുകാരുടെ പ്രതിഷേധത്തിനും കോടതിയുടെ നിർദേശങ്ങൾക്കും നടുവിൽ ഭാവി പരിപാടികൾ സംബന്ധിച്ച ആശയക്കുഴപ്പത്തിലാണ് ദൗത്യ സംഘം.റേഡിയോ കോളർ ഘടിപ്പിച്ച് ആനയെ വനത്തിലേക്ക് തിരിച്ചയക്കുന്ന കാര്യങ്ങളിലാകും ഇനി ശ്രദ്ധ ഊന്നുക എന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.