മുടക്കിയ കോടികള്‍ക്ക് കണക്കില്ല; കൃഷിയിടങ്ങള്‍ നശിപ്പിച്ച് കാട്ടാനകള്‍
text_fieldsഅടിമാലി: കാട്ടാനകളില്‍ നിന്ന് രക്ഷയൊരുക്കാന്‍ കോടികള്‍ മുടക്കിയെങ്കിലും ജനവാസ കേന്ദ്രങ്ങളില്‍ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയായി കാട്ടാനകള്‍ വിലസുന്നു. മൂന്നാര്‍ വനം ഡിവിഷന് കീഴില്‍ ദേവികുളം, അടിമാലി, നേര്യമംഗലം റേഞ്ചുകളിലും മറയൂര്‍ ഡിവിഷന് കീഴില്‍ മറയൂര്‍, കാന്തലൂര്‍ റേഞ്ചുകളിലും മാങ്കുളം ഡിവിഷന് കീഴില്‍ മാങ്കുളം, ആനകുളം റേഞ്ചുകളിലാണ് കാട്ടാനകള്‍ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയിരിക്കുന്നത്. ഉരുക്ക് വടം, വൈദ്യുത വേലി, കിടങ്ങ് ഉള്‍പ്പെടെ കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ എത്താതിരിക്കാന്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോടികളാണ് മുടക്കിയത്. ഇത് സംബന്ധിച്ച വിവരാവകാശ അപേക്ഷകളില്‍ പല റേഞ്ച് ഓഫീസുകളിലും കണക്ക് പോലുമില്ല.
കാട്ടാന ശല്യം രൂക്ഷമായ ദേവികുളം, ആനകുളം, മാങ്കുളം റേഞ്ചുകളിലാണ് കണക്കുകൾ പോലും വ്യക്തമല്ലാത്തത്. 50 ലക്ഷത്തിലേറെ മുടക്കിയ ആനകുളം റേഞ്ചിലെ ഉരുക്ക് വടം പദ്ധതിയാണ് ഒടുവില്‍ പൂര്‍ത്തിയായ വലിയ പദ്ധതി. ഇതും പ്രവര്‍ത്തന രഹിതമായി കിടക്കുകയാണ്. ഇതോടെ ആദിവാസികള്‍ ഉല്‍പ്പെടെ വനാതിര്‍ത്തിയില്‍ നിന്ന് നൂറുകണക്കിന് കര്‍ഷകരും ആദിവാസികളുമാണ് ജീവിത സമ്പാദ്യം മുഴുവന്‍ ഉപേക്ഷിച്ച് പാലായനം ചെയ്യുന്നത്. ചിന്നക്കനാല്‍ 301 ആദിവാസി കോളനിയില്‍ താമസിക്കുന്ന 20ഓളം ആദിവാസികള്‍ കഴിഞ്ഞ ഒരു മാസമായി വീടിന്‍റെ വാര്‍ക്കയുടെ പുറത്ത് ഷെഡ് കെട്ടിയാണ് താമസം. കാട്ടാനകള്‍ ദൂരെ നിന്ന് വരുന്നത് കണ്ടാല്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറുന്നതിനാണ് ഇത്.
മച്ചിപ്ലാവ്, ചിന്നപ്പാറ, പാട്ടയടമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ കാട്ടാനകളുടെ താണ്ഡവമാണ്. കഴിഞ്ഞ ദിവസം രാജകുമാരിയില്‍ തൊഴിലാളി സ്ത്രീകളെ കാട്ടാന ആക്രമിച്ചിരുന്നു. മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. കൂടാതെ ചിന്നക്കനാലില്‍ വിനോദ യാത്ര സംഘത്തെ കാട്ടാനകൂട്ടം ആക്രമിച്ചിരുന്നു. സഞ്ചാരികള്‍ രക്ഷപെട്ടെങ്കിലും ഇവരുടെ വാഹനം തകര്‍ത്തു. ഇവിടെ ബൈക്കില്‍ സഞ്ചരിച്ച ദമ്പതികളെ കാട്ടാനകള്‍ ആക്രമിച്ചിരുന്നു. ഭാര്യ മരിക്കുകയും ഭര്‍ത്താവ് രക്ഷപ്പെടുകയും ചെയ്തിരുന്നു.
രാജാക്കാട്ട് കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി സ്ത്രി കൊല്ലപ്പെട്ടതും അടുത്ത നാളിലാണ്. ഈ വര്‍ഷം മാത്രം 6 പേരാണ് കാട്ടാനകളുടെ ആക്രമണത്തില്‍ ഈ മേഖലയില്‍ കൊല്ലപ്പെട്ടത്. വൈദ്യുതാഘാതം ഉല്‍പ്പെടെ 7 കാട്ടാനകളും ചരിഞ്ഞിട്ടുണ്ട്. സ്വകാര്യ എസ്റ്റേറ്റ് ഉടമകള്‍ ആനത്താരകള്‍ വ്യാപകമായി അടച്ചതാണ് ചിന്നക്കനാല്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ കാട്ടാനകളുടെ ആവാസവ്യവസ്ഥ തകര്‍ത്തതെന്ന ആക്ഷേപമുണ്ട്. ഈ മേഖലയിലാണ് കാട്ടാനകള്‍ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞവയില്‍ കൂടുതലും.
ഇതിന് പുറമെ നായാട്ട് സംഘങ്ങള്‍ പല മേഖലയിലും വനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തതും പ്രശ്‌നം രൂക്ഷമാക്കുന്നു. വൈദ്യുതവേലി സ്ഥാപിച്ചതോടെ ആനത്താരകള്‍ തടസപ്പെട്ടു. ആനകള്‍ ബിയല്‍ റാം, സൂര്യനെല്ലി, ചിന്നക്കനാല്‍, പൂപ്പാറ, ശാന്തന്‍പാറ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നതിന് ഇത് വഴിയൊരുക്കി. ആനകള്‍ ഇടക്കിടെ വൈദ്യുതവേലി പൊട്ടിച്ചും കൃഷിയിടങ്ങളിലെത്തുന്നു. ആനകള്‍ ചരിയുമ്പോള്‍ കേസെടുക്കുന്ന വനം വകുപ്പ് തുടര്‍നടപടികള്‍ എടുക്കുന്നില്ലെന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.