ചിന്നക്കനാലിൽ പ്ലാസ്റ്റിക് മാലിന്യം ഭക്ഷിച്ച് കാട്ടാനകൾ; ഹൈകോടതി അടിയന്തര റിപ്പോർട്ട് തേടി
text_fieldsകൊച്ചി: അരിക്കൊമ്പൻ എന്ന ആനയുടെ വിഹാര കേന്ദ്രമായ ഇടുക്കി ചിന്നക്കനാലിലെ വനാതിർത്തിയിലെ കുഴിയിൽനിന്ന് പ്ലാസ്റ്റിക് മാലിന്യമടക്കം കാട്ടാനകൾ ഭക്ഷിക്കുന്നത് സംബന്ധിച്ച് ഹൈകോടതി റിപ്പോർട്ട് തേടി. ആനകൾ മാലിന്യം തിന്നുന്ന വിഡിയോ കണ്ട് ഞെട്ടിയ ചീഫ് ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് 24 മണിക്കൂറിനകം റിപ്പോർട്ട് നൽകാൻ തദ്ദേശഭരണ അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരന് നിർദേശം നൽകിയത്. മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അഭിഭാഷക വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കെ ആന തിന്നുന്നത് മുഴുവൻ പ്ലാസ്റ്റിക്കാണല്ലോയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. അടിയന്തര നടപടി സ്വീകരിക്കുമെന്ന് അഡീ. ചീഫ് സെക്രട്ടറി ഉറപ്പു നൽകി. പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ടതാണോ ഈ പ്രദേശമെന്ന് പരിശോധിക്കേണ്ടതുണ്ട്. ഏതെങ്കിലും തോട്ടത്തിൽ ഉൾപ്പെട്ടതാണോയെന്നും അറിയണം.
മികച്ച രീതിയിൽ മാലിന്യം സംസ്കരിക്കുന്ന മേഖലയാണ് ചിന്നക്കനാലെന്നും വിശദീകരിച്ചു. എന്നാൽ, ഒരു ചിത്രം ആയിരം വാക്കുകൾക്ക് സമമാണെന്ന് അഭിപ്രായപ്പെട്ട കോടതി, തുടർന്നാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.